കൊല്ലം :പാലാ ബിഷപ്പിന്‍റെ നാർക്കോട്ടിക് ജിഹാദ് പരാമർശത്തില്‍ സർക്കാരിനും സി.പി.എമ്മിനുമെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്‌ലിം സംഘടനകൾ. കൊല്ലം ജോനകപ്പുറം പള്ളി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തയ്യാറാക്കിയ പ്രമേയത്തിലാണ് സംഘടനകള്‍ എതിര്‍പ്പ് ഉയര്‍ത്തിയിരിക്കുന്നത്.
നാർക്കോട്ടിക് ജിഹാദ് വിവാദത്തില്‍ സർക്കാരിനും സി.പി.എമ്മിനുമെതിരെ രൂക്ഷവിമര്‍ശനവുമായി മുസ്‌ലിം സംഘടനകൾ പാലാ ബിഷപ്പിനെ ബി.ജെ.പിയും ഇടത് സർക്കാരും സി.പി.എമ്മും പിറകിൽ കൂടി കൈയ്യിട്ട് ഊട്ടിയുറപ്പിച്ച് നിർത്തുകയാണെന്നാണ് പരാമര്‍ശം. നാര്‍ക്കോട്ടിക് ജിഹാദ് പരാമർശം മുസ്‌ലിം സമുദായത്തിന്‍റെ നെഞ്ചിലേക്ക് തൊടുത്തുവിട്ട വിഷലിപ്‌തമായ അസ്ത്രമാണ്.
ALSO READ:തടവുകാരൻ ഫോണ്‍ വിളിച്ചത് രണ്ടായിരത്തിലേറെ തവണ ; വിശദീകരണം തേടി ഡിജിപി
മതവിദ്വേഷം വളർത്തി മുസ്‌ലിങ്ങളെ വംശഹത്യ നടത്താനുള്ള വർഗീയ ഫാസിസ്റ്റ് നീക്കത്തെ ശക്തമായി നേരിടുമെന്നും പ്രമേയത്തില്‍ പറയുന്നു. ബിഷപ്പ് പ്രസ്‌താവന പിൻവലിപ്പിക്കാത്ത സാഹചര്യത്തില്‍, പ്രതിപക്ഷ നേതാക്കൾ മുസ്‌ലിം സമൂഹമായി ചർച്ച നടത്തേണ്ടതില്ല.
ബിഷപ്പ് പ്രസ്‌താവന പിൻവലിച്ച് മാപ്പ് പറയണം. അല്ലാത്തപക്ഷം നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും നേതാക്കൾ അറിയിച്ചു. കൊല്ലത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് നേതാക്കള്‍ പ്രമേയത്തിന്‍റെ കോപ്പി പുറത്തുവിട്ടത്.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ജമാ അത്ത് ഫെഡറേഷൻ പ്രസിഡന്‍റ് കടയ്ക്കൽ അബ്‌ദുല്‍ അസീസ് മൗലവി, ഡോ. കെ.പി മുഹമ്മദ്,അരൂർ അബ്‌ദുല്‍ മജീദ് മൗലവി, കെ.പി.മുഹമ്മദ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.