കൊല്ലം :കോൺഗ്രസ് നേതാവ് നെട്ടയം രാമഭദ്രനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം കൊല്ലം ജില്ല സെക്രട്ടേറിയറ്റംഗവും സി.ഐ.ടി.യു ജില്ല സെക്രട്ടറിയുമായ എസ്. ജയമോഹനെ പ്രതിചേർക്കാൻ കോടതി നിർദേശം. നേരത്തേ ഇയാളെ തെളിവുനശിപ്പിക്കലില്‍ പ്രതി ചേര്‍ത്തിരുന്നു. ഇതില്‍ നിന്നും ഒഴിവാക്കണമെന്നുള്ള ജയമോഹന്‍റെ ഹർജി തള്ളിക്കൊണ്ടാണ് തിരുവനന്തപുരം സി.ബി.ഐ കോടതിയുടെ ഉത്തരവ്.
2010 ഏപ്രിൽ 10ന് രാത്രിയാണ് കോൺഗ്രസ് പ്രാദേശിക നേതാവായിരുന്ന അഞ്ചൽ നെട്ടയം സ്വദേശി രാമഭദ്രനെ സി.പി.എം പ്രവർത്തകർ വീട്ടിൽ കയറി ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. ലോക്കൽ പൊലീസിന്‍റെ അന്വേഷണത്തിൽ പ്രാദേശിക സി.പി.എം പ്രവർത്തകരുൾപ്പെടെ 16 പേരെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതിപ്പട്ടികയില്‍ മുന്‍ മന്ത്രിയുടെ സഹായിയും
പിന്നീട് രാമഭദ്രന്‍റെ ഭാര്യ ബിന്ദു ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ കേസ് സി.ബി.ഐയ്ക്ക് വിട്ടു. സി.ബി.ഐ അന്വേഷണത്തിൽ സി.പി.എം കൊല്ലം ജില്ല കമ്മിറ്റിയംഗം ബാബു പണിക്കർ, അഞ്ചൽ ഏരിയ കമ്മിറ്റി സെക്രട്ടറിയായിരുന്ന പി.എസ് ഉമ്മൻ, മുൻ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ പേഴ്‌സണൽ സ്റ്റാഫിലുണ്ടായിരുന്ന മാക്‌സൺ എന്നിവരെയും പ്രതിചേർത്തു.
തെളിവ് നശിപ്പിക്കൽ കേസില്‍ നിന്നും ജയമോഹനെ യാതൊരു കാരണവശാലും ഒഴിവാക്കാനാകില്ലെന്നും ഗൂഢാലോചന, കൊലപാതകം എന്നിവയില്‍ പ്രതിചേർക്കേണ്ടതുണ്ടെന്നും കോടതി നിര്‍ദേശിച്ചു. ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും കേസ് തീർപ്പുണ്ടാക്കാത്തതിനെതിരെ ബിന്ദു കഴിഞ്ഞ മാസം വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ 10 മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നാണ് കോടതിയുടെ നിർദേശം.
ALSO READ:'നാര്‍ക്കോട്ടിക് ജിഹാദ്' ; സര്‍ക്കാരാണ് സര്‍വകക്ഷി യോഗം വിളിക്കേണ്ടതെന്ന് കെ.സുരേന്ദ്രന്‍