കൊല്ലം : നീറ്റ് പരീക്ഷയിൽ വിദ്യാർഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തിൽ പരാതിയുമായി കൂടുതൽ വിദ്യാര്‍ഥിനികൾ. പ്രവേശന കവാടത്തിനടുത്തുവച്ചാണ് പരിശോധന നടത്തിയതെന്ന് വിദ്യാര്‍ഥിനികള്‍ പരാതിയില്‍ പറയുന്നു. അടിവസ്ത്രത്തില്‍ മെറ്റല്‍ ഹുക്ക് അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു പരിശോധന. തിരുവനന്തപുരത്തെ പരീക്ഷ നടത്തിപ്പ് ഏജൻസി ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്.
കൊല്ലം ആയൂർ മാർത്തോമ കോളജിൽ നീറ്റ് പരീക്ഷയ്ക്ക് മുൻപ് നടന്ന സംഭവത്തിലാണ് കൂടുതൽ വിദ്യാർഥിനികൾ പരാതിയുമായി രംഗത്തെത്തിയത്. കാമ്പസിനുള്ളിലെ വരാന്തയിൽ വച്ച് തന്നെ അടിവസ്ത്രം മാറ്റാൻ ആവശ്യപ്പെട്ടു. സ്ത്രീകളാണ് പരിശോധന നടത്തിയത്. ഇവര്‍ അധ്യാപകരാണോ എന്നറിയില്ലെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു.
പരീക്ഷ എഴുതിയത് മാനസിക ബുദ്ധിമുട്ടിലാണെന്നും, മുടി മുന്നിലേക്ക് ഇട്ടായിരുന്നു പരീക്ഷയിൽ തുടർന്നതെന്നും വിദ്യാർഥിനികൾ പറഞ്ഞു.'വളരെ മോശമായ അനുഭവമാണ് ഉണ്ടായത്. സ്‌കൂളിലെത്തിയ ഉടന്‍ സ്‌കാനിങ്ങാണെന്ന് പറഞ്ഞാണ് വിളിപ്പിച്ചത്. പെട്ടെന്ന് സ്‌കാന്‍ ചെയ്ത് വിടുമെന്ന് കരുതി. ഹുക്കുള്ള അടിവസ്ത്രമാണോ ഇട്ടതെന്ന് അവര്‍ ചോദിച്ചു. ആണെന്ന് പറഞ്ഞതോടെ ക്യൂവിലേക്ക് കയറി നില്‍ക്കാന്‍ പറഞ്ഞു. എന്താണ് സംഭവമെന്ന് പോലും മനസിലായില്ല.
പല കുട്ടികളും മുറിയിലേക്ക് കയറുന്നതായി കണ്ടു. അതിനകത്ത് കയറി അടിവസ്ത്രം മാറണമെന്ന് പുറത്തുനിന്നവര്‍ പറഞ്ഞു. അടിവസ്ത്രം സൂക്ഷിക്കാന്‍ മുറിയില്‍ സ്ഥലമുണ്ടാകുമെന്ന് കരുതി. എന്നാല്‍ അതിനകത്ത് ഒരു മേശ മാത്രമാണ് ഉണ്ടായിരുന്നത്. എല്ലാവരുടെ അടിവസ്ത്രവും അതില്‍ കൂട്ടിക്കുഴച്ചിട്ടിരിക്കുകയായിരുന്നു. പരീക്ഷ കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോള്‍ അഴിപ്പിച്ചുവച്ച അടിവസ്ത്രം കിട്ടുമോ എന്നുപോലും സംശയിച്ചു' - വിദ്യാര്‍ഥിനി പറഞ്ഞു.