കൊല്ലം: ആയൂരിൽ നീറ്റ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർഥിനികളെ അപമാനിച്ച സംഭവത്തില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തേക്കും. പരീക്ഷ സെന്‍റര്‍ സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്ത് വരികയാണ്. പരീക്ഷ നടത്തിപ്പുകാരും കോളജിലെ ശുചീകരണ തൊഴിലാളികളുമായ അഞ്ച് പേരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.
വിദ്യാര്‍ഥിനിയുടെ മൊഴി പ്രകാരം സിസിടിവി ദൃശൃങ്ങള്‍ പരിശോധിച്ചാണ് അറസ്റ്റ്. സ്‌ത്രീത്വത്തെ അപമാനിക്കല്‍, സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. പരീക്ഷ നടത്തിപ്പിന്‍റെ മുഖ്യ ചുമതലയുണ്ടായിരുന്ന സെന്റർ സൂപ്രണ്ടിനെ ഇന്ന് ചോദ്യം ചെയ്യും. അതേ സമയം കോളജില്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് പരീക്ഷ സൂപ്രണ്ട് നല്‍കിയ വിശദീകരണം.