കൊല്ലം:ആകാംഷയും അറിവും നിറച്ച് ആരോഗ്യ വകുപ്പിന്‍റെയും അഗ്നിസുരക്ഷാ സേനയുടെയും മോക്ഡ്രിൽ. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് അറിവും അമ്പരപ്പും സമ്മാനിച്ച മോക് ഡ്രിൽ നടന്നത്. ആശുപത്രിയിലെ പുരുഷ വിഭാഗം മെഡിക്കൽ വാർഡിൽ പെട്ടന്നുണ്ടായ തീപിടിത്തത്തിൽ എന്ത് ചെയ്യണമെന്നറിയാതെ രോഗികളും കൂട്ടിരിപ്പുകാരും പരിഭ്രാന്തരായി. ആശുപത്രി ജീവനക്കാരുടെയും അഗ്നിസുരക്ഷാ സേനയുടെയും അതിവേഗത്തിലുള്ള രക്ഷാപ്രവർത്തനങ്ങൾ കണ്ടിരിക്കെയാണ് മോക്ഡ്രിൽ പ്രഖ്യാപനം വന്നത്.
ആശുപത്രിയിൽ തീപിടിത്തം ഉണ്ടായാല്‍ എങ്ങനെ നേരിടാം എന്നതു സംബന്ധിച്ച ബോധവല്‍ക്കരണമായിരുന്നു ഇത് എന്ന ഫയര്‍ഫോഴ്‌സിന്‍റെ അറിയിപ്പ് ലഭിച്ചതോടെ പിരിമുറുക്കം ആശ്വാസത്തിന് വഴി മാറി. അപകടത്തില്‍പ്പെടുന്നയാളെ രക്ഷിക്കുന്നതും തീ അണയ്ക്കുന്നതും എങ്ങനെയെന്ന് അഗ്നി സുരക്ഷാ സേനാംഗങ്ങൾ വിശദീകരിച്ചു. അഗ്നി സുരക്ഷാ സേന കൊട്ടാരക്കര സ്റ്റേഷൻ ഓഫീസർ ടി. ശിവകുമാറിന്‍റെ നേതൃത്വത്തിലാണ് മോക്ഡ്രിൽ അവതരിപ്പിച്ചത്. അത്യാഹിതം സംഭവിച്ചാൽ അതിനെ എങ്ങനെ സംയമനത്തോടെ നേരിടാമെന്ന ബോധവൽക്കരണം ആശുപത്രി ജീവനക്കാർക്കും നൽകാൻ കഴിഞ്ഞുവെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. കെ. ആർ. സുനിൽ കുമാർ പറഞ്ഞു.