കൊല്ലം:കൊല്ലം ബീച്ചിൽ കൂറ്റൻ തിരയിലകപ്പെട്ട അഞ്ചുവയസുകാരൻ ഉൾപ്പെടെയുള്ള അഞ്ച് അംഗ കുടുംബത്തെ സ്വജീവൻ പണയപ്പെടുത്തി സാഹസികമായി രക്ഷിച്ച ലൈഫ് ഗാർഡുമാർക്ക് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിന്‍റെ അഭിനന്ദനം. ലൈഫ് ഗാർഡുമാരായ എം കെ പൊന്നപ്പൻ, ഷാജി ഫ്രാൻസിസ്, ആർ സതീഷ് എന്നിവരെയാണ് മന്ത്രി നേരിട്ട് വീഡിയോ കോളിലൂടെ വിളിച്ച് അഭിനന്ദിച്ചത്.
ലൈഫ് ഗാര്‍ഡ് സതീഷിന്‍റെ ഫോണിലേക്കാണ് മന്ത്രിയുടെ വീഡിയോ കോള്‍ എത്തിയത്. ബീച്ചിലെ ലൈഫ് ഗാര്‍ഡ് റൂമിൽ നിന്ന് മൂവരും വീഡിയോ കോളിലൂടെ മന്ത്രിയോട് സംസാരിച്ചു. ഓരോരുത്തരെയും പേരെടുത്ത് വിളിച്ച് പ്രത്യേകം അഭിനന്ദിച്ച് സംസാരിച്ച മന്ത്രി ലൈഫ് ഗാര്‍ഡുമാരുടേത് മാതൃക പ്രവര്‍ത്തനമാണെന്ന് പറഞ്ഞു.
അഞ്ച് മിനിട്ടോളം നീണ്ടുനിന്ന സംസാരത്തിനൊടുവിൽ 35 വര്‍ഷമായി ജോലി ചെയ്യുന്ന തങ്ങള്‍ക്ക് ഇൻഷുറൻസ് പരിരക്ഷയില്ലെന്നും ഇത് പരിഹരിക്കണമെന്ന് ലൈഫ് ഗാര്‍ഡുമാര്‍ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. പരിശോധിച്ച് വേണ്ട രീതിയിൽ ഇടപെടാമെന്ന് മന്ത്രി ഉറപ്പ് നൽകി നൽകി. മന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചത് സന്തോഷമുണ്ടെന്നും മറക്കാനാവാത്ത നിമിഷമാണെന്നും ലൈഫ് ഗാര്‍ഡുമാര്‍ പറഞ്ഞു.