കൊല്ലം: പ്രതികൂല കാലാവസ്ഥ നിലനില്‍ക്കെ സര്‍ക്കാരിന്‍റെ നിര്‍ദേശം മറികടന്ന് തൊഴിലാളികളെ മത്സ്യബന്ധനത്തിന് പ്രേരിപ്പിക്കുന്നതില്‍ നിന്ന് വള്ളം ഉടമകള്‍ പിന്‍മാറണമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പ്രളയാനന്തര പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് നടത്തിയ പൊതുജന സംഗമ വേദിയിലാണ് മന്ത്രിയുടെ മുന്നറിയിപ്പ്. തമിഴ്‌നാട്ടുകാരായ തൊഴിലാളികള്‍ കന്യാകുമാരിയില്‍ നിന്ന് കൊല്ലത്തെത്തി സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമില്ലാതെ മത്സ്യബന്ധനത്തിന് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച് കൈമാറണമെന്ന് ജില്ലാ കലക്‌ടറോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തൊഴിലാളികളെ നിര്‍ബന്ധിച്ച് കടലില്‍ അയക്കരുതെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
"തമിഴ്‌നാട്ടുകാരായ തൊഴിലാളികള്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒന്നുമില്ലാതെ മത്സ്യബന്ധനത്തിന് പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്"- മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
നിലവില്‍ ബയോമെട്രിക് കാര്‍ഡും സാഗര ആപ്പും നല്‍കി ഇവിടുത്തെ തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. കടലില്‍ കാണാതായ തൊഴിലാളികള്‍ക്കായി നേവിയും കോസ്റ്റ് ഗാര്‍ഡും തെരച്ചില്‍ തുടരുകയാണ്. തീരത്തോട് ചേര്‍ന്ന് താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മേഖലയിലുള്ള 18,000 ലധികം കുടുംബങ്ങളില്‍ എണ്ണായിരത്തോളം കുടുംബങ്ങള്‍ മാറി താമസിക്കാന്‍ തയ്യാറാണെന്നും കൂടുതല്‍ പേരെ പുനരധിവസിപ്പിക്കാനുള്ള തുക അടുത്ത ബജറ്റില്‍ വകയിരുത്തുമെന്നും മന്ത്രി അറിയിച്ചു.
തീരദേശ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കും. പാറ ഉപയോഗിച്ചുള്ള സംരക്ഷണരീതിക്ക് പകരം മറ്റൊരു സംവിധാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ജില്ലയില്‍ ഇരവിപുരം, കാക്കത്തോപ്പ് പ്രദേശത്തെ പുലിമുട്ട് നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ ഈ ആഴ്‌ച തുറന്ന് തുടര്‍നടപടികളിലേക്ക് കടക്കും. 35 കോടി രൂപയുടെ പദ്ധതിയാണ് ഇവിടെ നടപ്പിലാക്കുക. കൊല്ലം ബീച്ചിലെ ബ്രേക്ക് വാട്ടര്‍ പദ്ധതി പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.