കൊല്ലം: മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ വാഹനം ഗതാഗതക്കുരുക്കില്‍ അകപ്പെട്ട സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിച്ചു. കൊല്ലം ശൂരനാട് പൊലീസ് സ്റ്റേഷനിലെ സിപിഒമാരായ ഹരിലാല്‍, രാജേഷ്, എഎസ്ഐ നുക്വിദീൻ എന്നിവർക്കെതിരെയുള്ള സസ്പെൻഷൻ ഓർഡറാണ് പിൻവലിച്ചത്.
മന്ത്രി ഗതാഗതക്കുരുക്കില്‍പ്പെട്ട സംഭവം: പൊലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു - ജെ മേഴ്സിക്കുട്ടിയമ്മ
20 മിനിറ്റോളമാണ് മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ടത്. ഈ സമയത്ത് പൊലീസ് സ്‌റ്റേഷനിലുണ്ടായിരുന്ന രണ്ട് പൊലീസുകാര്‍ ഉടന്‍ സ്ഥലത്തെത്തിയെങ്കിലും ഗതാഗതക്കുരുക്ക് നീക്കാനായില്ല.
![മന്ത്രി ഗതാഗതക്കുരുക്കില്‍പ്പെട്ട സംഭവം: പൊലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4186746-thumbnail-3x2-me.jpg)
വിഷയവുമായി ബന്ധപ്പെട്ട് കെപിഎ, കെപിഒഎ ജില്ലാ ഭാരവാഹികൾ മന്ത്രിയെ നേരിൽ കണ്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ മന്ത്രി ഇടപെട്ടാണ് ഉദ്യോഗസ്ഥരെ തിരികെയെടുത്തത്. എന്നാല്‍ മൂന്ന് പേരെയും സ്ഥലം മാറ്റിയാണ് തിരിച്ചെടുത്തിരിക്കുന്നത്. നുക്വിദ്ദീനെ കുണ്ടറയിലേക്കും രാജേഷ് ചന്ദ്രനെ തെന്മലയിലേക്കും ഹരിലാലിനെ പുനലൂരിലേക്കുമാണ് സ്ഥലം മാറ്റിയിരിക്കുന്നത്.
പത്തനംതിട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളില്‍ പങ്കെടുത്തശേഷം തിരികെ വരുമ്പോഴാണ് മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പ്പെട്ടത്. കൊല്ലം ജില്ലയിലെ ശൂരനാട് കനത്ത മഴയെ തുടര്‍ന്ന് വെള്ളം കയറിയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുകയായിരുന്നു മന്ത്രി.