കൊല്ലം : കൊല്ലം കണ്ണനല്ലൂരിൽ അന്യസംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്ന് കുഴിച്ചുമൂടി (Migrant worker killed by friends in Kollam Kannanalloor). അൽത്താഫ് മിയ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അൽത്താഫിന്‍റെ സുഹൃത്തുക്കളായ രണ്ട് അന്യസംസ്ഥാന തൊഴിലാളികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുളപ്പാടം മുടിയൻ ചിറയിലാണ് സംഭവം. രണ്ടുദിവസം മുൻപ് ഇയാളെ കാണാനില്ലെന്ന പരാതി കണ്ണനല്ലൂർ പൊലീസിന് ലഭിച്ചിരുന്നു.
വെസ്റ്റ് ബംഗാൾ സ്വദേശിയാണ് അൽത്താഫ് മിയ. കഴിഞ്ഞ ഞായറാഴ്‌ചയാണ് യുവാവിനെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിച്ചത്. സുഹൃത്തുക്കളാണ് പരാതി നൽകിയത്. തുടർന്ന് പൊലീസ് അൽത്താഫിന്‍റെയും സുഹൃത്തുക്കളുടെയും ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്.
ചീട്ടുകളിൽ വിദഗ്‌ധനായിരുന്നു അൽത്താഫ്. ഇയാൾ ചീട്ട് കളിയിലൂടെ ഉണ്ടാക്കിയ പണം തട്ടിയെടുക്കാൻ വേണ്ടിയാണ് സുഹൃത്തുക്കൾ കൊലപാതകം (Kollam Kannanalloor murder) നടത്തിയത്. ഇയാളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടുകയായിരുന്നു. സംഭവ ദിവസം രാത്രിയോടെയാണ് കൃത്യം നടത്തിയതെന്നാണ് പ്രതികൾ പൊലീസിനോട് കുറ്റം സമ്മതിച്ചത്.
സമീപത്തെ ചുടുകട്ട ഫാക്‌ടറിയിലെ ജീവനക്കാരനായിരുന്നു അൽത്താഫ്. സുഹൃത്തുക്കൾ സമീപത്തെ കശുവണ്ടി ഫാക്‌ടറിയിൽ ജോലി ചെയ്‌തു വന്നിരുന്നവരാണ്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
വ്യാഴാഴ്‌ച രാത്രി 11 മണിയോടെയാണ് സംഭവ സ്ഥലത്തെത്തി മൃതദേഹം കുഴിച്ചെടുത്തത്. കണ്ണനല്ലൂർ പൊലീസ്, ഫോറസ്റ്റ് വിദഗ്‌ധർ, തഹസിൽദാർ എന്നിവരുടെ സാന്നിധ്യത്തിലാണ് അൽത്താഫിന്‍റെ മൃതദേഹം കുഴിച്ചെടുത്തത്. ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം ജില്ല ആശുപത്രിയിലേക്ക് മാറ്റി.