കേരളം

kerala

ETV Bharat / state

കൊല്ലം തീപിടിത്തം: അഗ്‌നി നിയന്ത്രണ വിധേയമായത് 8 മണിക്കൂറുകൊണ്ട്, കോടികളുടെ നഷ്‌ടമെന്ന് നിഗമനം

കോടിക്കണക്കിന് രൂപയുടെ നഷ്‌ടം ഉണ്ടായതെന്ന് പ്രാഥമിക നിഗമനം. ആശ്രാമം ഉളിയക്കോവിൽ ക്ഷേത്രത്തിന് സമീപത്തെ ഗോഡൗണിൽ ഇന്നലെ രാത്രിയാണ് തീ പടർന്നത്

medicine warehouse fire in kollam updation  medicine warehouse fire  kollam fire  kollam fire updation  fire  തീപിടിത്തം  കൊല്ലത്ത് തീപിടിത്തം  മരുന്ന് സംഭരണശാലയിൽ തീപിടിത്തം  ഗോഡൗണിൽ തീപിടിത്തം  മരുന്ന് ഗോഡൗണിൽ തീപിടിത്തം  ആശ്രാമം തീപിടിത്തം  ഉളിയക്കോവിലിൽ തീപിടിത്തം  ഗോഡൗൺ തീപിടിത്തം
തീപിടിത്തം

By

Published : May 18, 2023, 9:08 AM IST

Updated : May 18, 2023, 9:17 AM IST

തീ നിയന്ത്രണ വിധേയമാക്കിയെന്ന് അധികൃതർ

കൊല്ലം : ആശ്രാമം ഉളിയക്കോവിലിൽ മരുന്ന് സംഭരണശാലയിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കി. ഇന്ന് വെളുപ്പിന് ഏകദേശം മൂന്ന് മണിയോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഏകദേശം എട്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്‌നി നിയന്ത്രണ വിധേയമാക്കിയത്.

കോടിക്കണക്കിന് രൂപയുടെ നഷ്‌ടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. തീപിടിത്തം ഉണ്ടായ സമയത്ത് ഏകദേശം ഏഴ് കോടിയോളം രൂപയുടെ മരുന്നുകൾ ഗോഡൗണിൽ സൂക്ഷിച്ചിരുന്നതായാണ് രജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

അമ്പത് ഫയർഫോഴ്‌സ് ടാങ്കർ വെള്ളം ഒഴിച്ചാണ് തീ കെടുത്തിയത്. ജില്ലയുടെ വിവിധ ഇടങ്ങളിൽ നിന്ന് പത്തോളം അഗ്നിശമനാസേന വാഹനങ്ങൾ സംഭവ സ്ഥലത്ത് എത്തിയിരുന്നു. സമീപത്തെ വീടുകളിലേക്ക് തീ പടരാതിരിക്കാൻ ഫയർഫോഴ്‌സ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

ഗോഡൗൺ പൂർണമായും കത്തിനശിച്ചു. കെട്ടിടത്തിനുള്ളിൽ തീ കത്തിയതിനാൽ അഗ്നിശമനാസേനയ്‌ക്ക് ഉള്ളിലേക്ക് കടക്കാനായില്ല. ഇത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. തുടർന്ന് വാതിൽ തകർത്ത് അകത്തേക്ക് വെള്ളമൊഴിക്കുകയായിരുന്നു.

സാനിറ്റൈസറുകൾ ഉൾപ്പെടെ കെട്ടിടത്തിന്‍റെ ഉള്ളിൽ ഉണ്ടായിരുന്നതിനാല്‍ പല ഭാഗത്തും തീ നിയന്ത്രണാതീതമായി പടരുന്ന സ്ഥിതിയായിരുന്നു. വലിയ ശബ്‌ദത്തോടെയുള്ള പൊട്ടിത്തെറികളും കേള്‍ക്കാമായിരുന്നു. കെട്ടിടത്തിന്‍റെ ഷീറ്റുകള്‍ തീപിടിച്ച് പുറത്തേക്ക് തെറിച്ചുവീണു.

മരുന്ന് കത്തിയ പുക ശ്വസിച്ച സമീപത്തെ, മഹാത്മാഗാന്ധി കോളനിയിലെ നിരവധി പേര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായി. ഇവരെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്‌ച രാത്രി എട്ട് മണിക്കാണ് - തീപിടിത്തമുണ്ടായത്. പാര്‍ക്കിങ് ഏരിയയ്ക്ക് സമീപം ബ്ലീച്ചിങ് പൗഡര്‍ സൂക്ഷിച്ചിരുന്ന ഭാഗത്താണ് ആദ്യം തീപിടിച്ചത് എന്നാണ് കരുതുന്നത്.

നിമിഷങ്ങള്‍ കൊണ്ട് തീ കെട്ടിടത്തിലേക്ക് പടര്‍ന്നു. കടപ്പാക്കടയില്‍ നിന്നും ചാമക്കടയില്‍ നിന്നും അഗ്നിരക്ഷാസേന എത്തിയെങ്കിലും തീ കെടുത്താനായില്ല. ഇതോടെ ജില്ലയിലെ എല്ലാ അഗ്നിരക്ഷാനിലയങ്ങളില്‍ നിന്നും മുഴുവന്‍ യൂണിറ്റുകളും മണിക്കൂറുകള്‍ക്കുള്ളില്‍ സംഭവ സ്ഥലത്തെത്തി.

ജില്ല ഭരണകൂടം ആവശ്യപ്പെട്ടതനുസരിച്ച്‌ കെ എം എം എല്ലില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നുമുള്ള അഗ്നിരക്ഷാസേനയും എത്തി. മരുന്ന് സംഭരണശാലയിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കാന്‍ നിര്‍ദേശങ്ങളുമായി ഡി ഐ ജി നിശാന്തിനി, ജില്ല കലക്‌ടര്‍ അഫ്‌സാന പര്‍വീണ്‍, കമ്മിഷണര്‍ മെറിന്‍ ജോസഫ് എന്നിവർ സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്‌തു. ഗോഡൗണിന് പിന്നിലെ കോളനിയിലെ മുഴുവൻ കുടുംബത്തെയും ഉളിയക്കോവിലെ പ്രത്യേക ക്യാമ്പിലേക്ക് മാറ്റി.

സംഭവം ഇങ്ങനെ : മെഡിക്കൽ സർവീസ് കോർപറേഷൻ്റെ മരുന്ന് സംഭരണശാലയില്‍ ഇന്നലെ രാത്രി 8.30നാണ് വന്‍ തീപിടിത്തം ഉണ്ടായത്. ആശ്രാമം ഉളിയക്കോവിൽ ക്ഷേത്രത്തിന് സമീപത്തെ ഗോഡൗണിലാണ് തീ പടർന്നത്. തീപിടിത്തത്തെ തുടര്‍ന്ന് കരുനാഗപള്ളി, കടപ്പാക്കട, ചാമക്കട, കുണ്ടറ, ചാത്തന്നൂർ എന്നിവിടങ്ങളിൽ നിന്ന് അഗ്‌നിശമനാസേന എത്തി. തീപിടിത്തത്തിന്‍റെ കാരണം എന്താണെന്ന് വ്യക്തമായിരുന്നില്ല. സംഭരണശാലയിൽ മരുന്ന് നൽകാൻ എത്തിയവരാണ് ഗോഡൗണിൽ തീ പടർന്നതായി ആദ്യം കണ്ടത്.

Also read :കൊല്ലത്ത് മെഡിക്കൽ സർവീസ് കോർപറേഷൻ്റെ മരുന്ന് സംഭരണ ശാലയില്‍ വന്‍ തീപിടിത്തം

Last Updated : May 18, 2023, 9:17 AM IST

ABOUT THE AUTHOR

...view details