കൊല്ലം : കെ.എസ്.ആർ.ടി.സി കണ്ടക്ടർ മർദിച്ചതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത കുളത്തൂപ്പുഴ സ്വദേശി ഷൈജുവിൻ്റെ മൃതദേഹം സംസ്കരിച്ചു. കരൾ രോഗിയെ അപമാനിച്ച കണ്ടക്ടറുടെ പെരുമാറ്റത്തിനെതിരെ കെ.എസ്.ആർ.ടി.സി എം.ഡിക്കും പൊലീസിനും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന ആക്ഷേപമുണ്ട്. സംഭവത്തിൽ പ്രത്യക്ഷ സമരവുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തി.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സക്ക് ശേഷം കൊല്ലത്തെക്കുള്ള യാത്രാ മധ്യേയാണ് കെ.എസ്.ആർ.ടി.സി ബസിനുള്ളിലെ സീറ്റിൽ കിടന്നുറങ്ങിയ ഷൈജുവിനെ മദ്യപിച്ചെന്ന പേരിൽ കണ്ടക്ടർ മർദിച്ചത്. ഇതിന് ശേഷം വട്ടപ്പാറ പൊലീസ് സ്റ്റേഷനിലെത്തിച്ച് അപമാനിച്ചതിലുമുള്ള മനോവേദന മൂലമാണ് ഷൈജു ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിൻ്റെ ആരോപണം.