കൊല്ലം: കടയ്‌ക്കൽ മണലുവട്ടത്ത് കടം വാങ്ങിയ 200 രൂപ തിരിച്ച് നൽകാത്തതിന് യുവാവിനെ തലയ്ക്കടിച്ചും കുത്തിയും കൊലപ്പെടുത്താന്‍ ശ്രമം. മണലുവട്ടം സ്വദേശി റിയാസിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കടയ്‌ക്കൽ പൊലീസ് അറസ്റ്റ് ചെയ്‌തു.
തുടയന്നൂർ പാലനിരപ്പ് സ്വദേശി സദാശിവന്‍, ഇയാളുടെ ബന്ധുവായ മിനി എന്നിവര്‍ ചേർന്നാണ് റിയാസിനെ ആക്രമിച്ചത്. സദാശിവനിൽ നിന്ന് റിയാസ് വാങ്ങിയ 200 രൂപ മിനി തിരികെ ചോദിച്ചെങ്കിലും റിയാസ് നൽകാൻ തയ്യാറായില്ല. തുടര്‍ന്ന് സമീപത്ത് കിടന്ന വിറക് കഷ്‌ണം കൊണ്ട് മിനി റിയാസിന്‍റെ തലയ്‌ക്കടിക്കുകയായിരുന്നു.
പരിക്കേറ്റ യുവാവിന്‍റെ പ്രതികരണം ഈ സമയം ഓട്ടോറിക്ഷയില്‍ എത്തിയ സദാശിവൻ അടികൊണ്ട് നിലത്ത് വീണ റിയാസിന്‍റെ നെഞ്ചിൽ കുത്തി. റിയാസിന്‍റെ നിലവിളി കേട്ട് പ്രദേശവാസികൾ ഓടി എത്തിയപ്പോഴേക്കും രണ്ടുപേരും ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടു. റിയാസിനെ ആദ്യം കടയ്‌ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ സദാശിവനെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്‌തു. ഒളിവിൽ പോയ മിനിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
Also read: മദ്യപിക്കാൻ ചിപ്‌സ് കൊടുത്തില്ല; കൊല്ലത്ത് 19കാരന് ക്രൂര മർദനം