കൊല്ലം: ഫെബ്രുവരി 14....പ്രണയദിനം... പ്രണയം മനസില്‍ സൂക്ഷിക്കുന്നവരും ജീവിതത്തിലേക്ക് പകര്‍ത്തിയവരും കാത്തിരിക്കുന്ന സുദിനം. ജാതിയെയും മതത്തെയും തോൽപിച്ച് ജീവിതം തുടങ്ങിയ ഒരു പ്രണയ കഥ നമുക്ക് പരിചയപ്പെടാം. അജയകുമാറും റസീനയുമാണ് ഈ കഥയിലെ നായകനും നായികയും.
നിരവധി പ്രതിസന്ധികളെ അതിജീവിച്ച് ഇരുവരും ജീവിതം തുടങ്ങിയിട്ട് 32 വര്‍ഷം പിന്നിട്ടിരിക്കുന്നു. കടലാസ് തുണ്ടുകളില്‍ തുടങ്ങിയ പ്രണയം ഒരിക്കല്‍ കൂടി കിട്ടിയിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുമ്പോഴും പ്രതിസന്ധികൾക്കിടയിൽ ജീവിതം തിരിച്ചുപിടിച്ച ദിനങ്ങൾ ഇന്നും ഇരുവരുടെയും മനസിലൂടെ കടന്നു പോകാറുണ്ട്. കൊല്ലം ജില്ലയിലെ അയത്തിലെ പേരുകേട്ട മുസ്ലീം കുടുബാംഗമായിരുന്നു റസീന. റസീനയുടെ വീടിനടുത്തായിരുന്നു അജയന്‍റെ സഹോദരിയുടെ വീട്. സഹോദരിയുടെ വീട്ടിൽ മിക്കപ്പോഴും എത്തിയിരുന്ന അജയൻ റസീനയെ പരിചയപ്പെടുകയും പരിചയം പ്രണയമായി മാറുകയായിരുന്നു.
പ്രതിസന്ധികളെ തോല്‍പ്പിച്ച പ്രണയം; പ്രണയം പറഞ്ഞ് അജയനും റസീനയും തങ്ങളുടെ പ്രണയം മറ്റുള്ളവരറിഞ്ഞാൽ ഉണ്ടാകുന്ന പ്രശ്‌നം രണ്ട് പേർക്കും നന്നായി അറിയാമായിരുന്നു. എങ്കിലും പ്രണയത്തിൽ നിന്ന് പിന്മാറാൻ ഇരുവരും തയ്യാറായില്ല. ഒടുവിൽ ഒളിച്ചോടാൻ തീരുമാനിച്ചു. ഒപ്പം വിവാഹം രജിസ്റ്റർ ചെയ്തു. അജയന്‍റെ വീട്ടിൽ പ്രശ്നങ്ങൾ കുറവായിരുന്നു. എന്നാൽ റസീനയുടെ വീട്ടിലെ സ്ഥിതി നേരെ മറിച്ചായിരുന്നു. റസീനയുടെ ബന്ധുക്കളും പൊലീസും നാലുപാടും ഇരുവർക്കുമായുള്ള തെരച്ചിൽ ആരംഭിച്ചു. ഒരു മാസം ബന്ധുവീട്ടിൽ താമസിച്ച ശേഷം ഇരുവരും പൊലീസ് സ്‌റ്റേഷനിൽ ഹാജരായി. പക്ഷേ റസീനയും അജയനും വിചാരിച്ചത് പോലെ കാര്യങ്ങൾ എളുപ്പമായിരുന്നില്ല. റസീനയുടെ വീട്ടുക്കാർക്കുണ്ടായിരുന്ന സ്വാധീനം ഉപയോഗിച്ച് ഇരുവരെയും അവർ വേർപിരിച്ചു. തുടർന്ന് റസീനയെ ശാസ്താംകോട്ടയിലെ ബന്ധുവീട്ടിൽ രഹസ്യമായി താമസിപ്പിച്ചു. ഒരു മാസത്തെ രഹസ്യവാസം റസീനയെ വല്ലാതെ തളർത്തിയിരുന്നു. അതിനിടയിൽ ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. അജയൻ ഇല്ലാതെ ജീവിക്കാൻ കഴിയില്ല എന്ന തീരുമാനവും ജീവിതം എന്നത്തേക്കും അവസാനിപ്പിക്കാൻ ശ്രമിച്ചതും ബന്ധുക്കളിൽ പുനർചിന്തനത്തിന് ഇടയാക്കി. പക്ഷെ അതൊന്നും റസീനയുടെ മാതാപിതാക്കൾ അംഗീകരിച്ചില്ല. ആശുപത്രി വാസത്തിനൊടുവിൽ വീണ്ടും ജീവീതത്തിലേക്ക് എത്തിയ റസീനയെ അജയന്‍റെ കൂടെ ജീവിക്കാൻ റസീനയുടെ ഏതാനും ബന്ധുക്കൾ മൗനാനുവാദം നൽകി. അങ്ങനെ അവർ വീണ്ടും ഒന്നിച്ചു.
പക്ഷേ വിധി വീണ്ടും ഇവരുടെ പ്രണയത്തിൽ വില്ലനായി എത്തി. കുലത്തൊഴില്‍ മാത്രം പരിചയമുള്ള അജയൻ ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ നന്നേ ബുദ്ധിമുട്ടി. ബന്ധുക്കൾക്കൊപ്പം ജോലിക്ക് പോകുമ്പോൾ പലപ്പോഴും കുത്തുവാക്കുകൾ കേൾക്കേണ്ടതായും വന്നു. തുടർന്ന് സ്വന്തമായി ജോലികൾ ഏറ്റെടുത്ത് ചെയ്യാൻ തുടങ്ങി. കഷ്‌ടപ്പാടുകൾക്കിടയിലും ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതിനിടെ ജാതിയുടെയും മതത്തിന്‍റെയും പേരിലുള്ള പ്രശ്‌നങ്ങൾ ഇരുവരെയും പിന്തുടർന്നു കൊണ്ടേയിരുന്നു. ഒരു ദിവസം ജോലി സ്ഥലത്ത് നിന്ന് തിരികെ വരുമ്പോൾ അജയന് നേരേ ആക്രമണം ഉണ്ടായി. കഷ്ടിച്ചാണ് മരണത്തിൽ നിന്നും രക്ഷപ്പെട്ടത്. പരസ്പരം മനസിലാക്കി ഏത് പ്രതിസന്ധികളിലും ഒരുമിച്ച് പോകാന്‍ കഴിഞ്ഞാല്‍ പ്രണയത്തിന് ആത്മാര്‍ത്ഥതയുണ്ടാകുമെന്നാണ് റസീന പറയുന്നത്. രണ്ട് ആണ്‍മക്കളാണ് ഇവര്‍ക്ക് ഉള്ളത്. സിജിയും സിജുവും. മക്കളുടെ വിവാഹവും അജയനും റസീനയും അവരുടെ ഇഷ്‌ടത്തിനാണ് നടത്തി കൊടുത്തത്. പ്രതിസന്ധികളെ അതിജീവിച്ച് ഇന്നും പ്രണയിക്കുകയാണ് അജയകുമാറും റസീനയും.