കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പ് പോരിൽ ജില്ലയിൽ ശക്തമായ ത്രികോണ മത്സരം നടന്നതോടെ മുൻധാരണകൾ മാറി മറിഞ്ഞേക്കുമെന്ന് സൂചന. 35 ഗ്രാമ പഞ്ചായത്തുകളിലാണ് ഇടതുമുന്നണി ഭരണം നിലനിറുത്തുമെന്നാണ് കണക്കുകൂട്ടുന്നത്. ഇടതിന് ലഭിക്കാനിടയുള്ള പഞ്ചായത്തുകളിലേറെയും കിഴക്കൻ മേഖലയിലാണ്. നിലവിൽ 62 ഗ്രാമപഞ്ചായത്തുകളിൽ ഇടത് ഭരണമായിരുന്നു. കൊല്ലം, കൊട്ടാരക്കര, പത്തനാപുരം, പുനലൂർ താലൂക്കുകളിൽ ഇടത് മുന്നേറ്റം പ്രവചിക്കപ്പെടുന്നു. കരുനാഗപ്പള്ളി, കുന്നത്തൂർ, കൊട്ടാരക്കര, പൂനലൂർ താലൂക്കുകളിലായി യുഡിഎഫിന് 30 മുതൽ 37 സീറ്റുകൾ വരെ ലഭിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
എൻഡിഎ ഏഴ് പഞ്ചായത്തുകളിലെ ഭരണം തീരുമാനിക്കുന്നതിൽ നിർണായക ശക്തിയായേക്കും. 250ലേറെ വാർഡുകളിൽ ബിജെപിക്ക് മെമ്പർമാരുണ്ടാകുമെന്നാണ് വിലയിരുത്തൽ. പതിനൊന്ന് ബ്ലോക്ക് പഞ്ചായത്തുകളിൽ ആറിടത്ത് യുഡിഎഫും അഞ്ചിടത്ത് ഇടതുമുന്നണിയും അധികാരത്തിലെത്തുമെന്നാണ് ആദ്യ സൂചനകൾ. 152 ബ്ലോക്ക് മെമ്പർമാരിൽ 80 എണ്ണം യുഡിഎഫ് പിടിച്ചെടുത്തേക്കും. ചില ബ്ലോക്ക് പഞ്ചായത്തുകളിൽ നറുക്കെടുപ്പിലൂടെ പ്രസിഡന്റിനെ തീരുമാനിക്കേണ്ട സ്ഥിതിയും വന്നേയ്ക്കാം. കുന്നത്തൂർ, കൊട്ടാരക്കര, കരുനാഗപ്പള്ളി താലൂക്കുകളിലാകും ബ്ലോക്കുകൾ കൂടുതലും യുഡിഎഫിന് ലഭിക്കുക. മറ്റ് താലൂക്കുകളിൽ ഇടതുമുന്നണി നേട്ടം കൊയ്യുമെന്നുമാണ് വിലയിരുത്തൽ.