കൊല്ലം :കുണ്ടറയിൽ ഒഴിഞ്ഞ പറമ്പിൽ ചാരായവാറ്റ് നടത്തിയ സംഘം എക്‌സൈസ് പിടിയിൽ. ഇവരുടെ പക്കൽ നിന്നും 1010 ലിറ്റർ കോട കൊല്ലം എക്‌സൈസ് സംഘം പിടിച്ചെടുത്തു. കുണ്ടറ പടപ്പക്കര ആനപ്പാറ ഭാഗത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നുമാണ് കോടയും വാറ്റ് ഉപകരണങ്ങളും പിടികൂടിയത്. പറമ്പിന് നാല് വശവും ഉയരത്തിൽ ചുറ്റുമതിലും അതിന് മുകളിൽ കുപ്പിച്ചില്ല് പാകി ഉയരത്തിലുള്ള ഗേറ്റും സ്ഥാപിച്ചിട്ടുണ്ട്. ഇരുമ്പിന്‍റെ ബാരലുകളിലും അലൂമിനിയം കലങ്ങളിലുമായി സൂക്ഷിച്ചിരുന്ന കോടയാണ് കൊല്ലം എക്‌സൈസ് സ്‌പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഐ. നൗഷാദും സംഘവും ചേർന്ന് കണ്ടെത്തിയത്. പെട്ടെന്ന് പരുവമാകുന്നതിനായി കോടയിൽ അമോണിയ കൂടുതലായി ചേർത്ത് തയാറാക്കിവച്ചിരുന്നു.
പരിശോധന കര്‍ശനമായതോടെ പുതിയ താവളം
കൊല്ലം ടൗൺ ഭാഗത്ത് താമസിക്കുന്ന വ്യക്തിയുടേതാണ് വസ്‌തു. കാടുപിടിച്ച അവസ്ഥയിലാണ് പുരയിടം. വസ്‌തുവിന്‍റെ ഉടമയോ മറ്റാരെങ്കിലുമോ വരാൻ സാധ്യതയില്ലെന്ന് മനസ്സിലാക്കിയ തദ്ദേശ വാസികളായ മൂന്നുപേർ ചേർന്നാണ് ചാരായം വാറ്റുന്നതിനായി പദ്ധതി തയ്യാറാക്കിയത്. ഇതിനായി കോടയും കലക്കിവച്ചിരുന്നു. പ്രതികളെപ്പറ്റി വ്യക്തമായ സൂചന ലഭിച്ചതിനെ തുടർന്ന് അവർക്കായി അന്വേഷണം ആരംഭിച്ചു. പടപ്പക്കര കയൽവാരം കേന്ദ്രീകരിച്ച് ചാരായ വാറ്റ് നടത്തി വന്നിരുന്ന സംഘങ്ങൾ കായൽ തീരങ്ങളിൽ എക്സൈസ് - പൊലീസ് പരിശോധന ശക്തമാക്കിയതോടെയാണ് പുതിയ താവളങ്ങൾ കണ്ടെത്തിയത്. ഒഴിഞ്ഞുകിടക്കുന്ന വീടുകൾ, പറമ്പുകൾ എന്നിവിടങ്ങളിലേക്ക് ചാരായവാറ്റ് മാറ്റിയിട്ടുള്ളതായി എക്‌സൈസിന് വിവരം ലഭിച്ചതിനെ തുടർന്നാണ് ഇത്തരം സ്ഥലങ്ങളിൽ പരിശോധന ശക്തമാക്കിയത്.