കൊല്ലം: കൊല്ലം കോർപ്പറേഷൻ പരിധിയിൽ 2016 മുതൽ 2020 മാർച്ച് വരെ സ്വന്തമായി ഭൂമിയുള്ള 3957 ഭവനരഹിതരാണുള്ളത്. 3348 വീടുകളുടെ നിർമ്മാണം ആരംഭിച്ചതിൽ 2775 വീടുകളാണ് ഇപ്പോള്‍ പൂർത്തീകരിക്കാനായത്. ലൈഫ് പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ ഭൂരഹിതരായവർക്ക് വീട് നൽകുക എന്ന ലക്ഷ്യത്തോടെ 32 യൂണിറ്റുകൾ ഉൾപ്പെടുന്ന ഫ്ലാറ്റ് നിർമ്മാണ പ്രവർത്തികൾ പ്രാരംഭ ഘട്ടത്തിലാണ്. അനുബന്ധമായി സംഘടിപ്പിച്ച അദാലത്തിൽ, ലൈഫ് ഗുണഭോക്താക്കൾക്ക് സംസ്ഥാന -കേന്ദ്ര പദ്ധതികൾ പരിചയപ്പെടുത്തി, അർഹതപ്പെട്ട ആനുകൂല്യങ്ങൾ നേടിയെടുക്കുന്നതിന് ആവശ്യമായ സഹായങ്ങൾ ജില്ലാഭരണകൂടം ചെയ്തുനൽകിയിരുന്നു.
ലൈഫ് മിഷന്‍; കൊല്ലം കോര്‍പ്പറേഷന്‍ മാതൃകയെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ
ലൈഫ് പദ്ധതിയുടെ കൊല്ലം കോര്‍പ്പറേഷന്‍ തല ഉദ്ഘാടനം മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. 2775 വീടുകളാണ് കൊല്ലം കോര്‍പ്പറേഷനില്‍ പൂര്‍ത്തീകരിച്ചത്.
കൊല്ലം സി. കേശവൻ മെമ്മോറിയൽ ടൗൺ ഹാളിലായിരുന്നു കോർപ്പറേഷൻതല ഉദ്ഘാടനം നടന്നത്. ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്രതിബന്ധങ്ങളെ അതിജീവിച്ച് തലചായ്ക്കാൻ ഒരിടം എന്ന സ്വപ്നം പൂർത്തീകരിക്കാൻ സർക്കാരിന് കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. ലൈഫ് മിഷനിൽ കൊല്ലം കോർപ്പറേഷൻ അഭിമാനകരമായ പ്രവർത്തനമാണ് ഏറ്റെടുത്തിരിക്കുന്നത്. ഭവനരഹിതരില്ലാത്ത സംസ്ഥാനമെന്ന ഗവൺമെന്‍റിന്‍റെ ലക്ഷ്യത്തിന് മാതൃകയാകും വിധം മുന്നേറാൻ കൊല്ലം ജില്ലയ്ക്ക് സാധിക്കണം. ഭവനം ലഭ്യമായിട്ടും കൊല്ലം തോടിന്‍റെ വശങ്ങളിൽ താമസിക്കുന്നവർ ഇനിയുമുണ്ട്. മുൻകാലങ്ങളിൽ വീട് ലഭിച്ചിട്ടും ഉപയോഗിക്കാത്തവരേയും, പദ്ധതിയിലൂടെ ലഭിച്ച വീട് വാടകയ്ക്ക് നൽകിയശേഷം വീണ്ടും തീരത്ത് വസിക്കുന്നവരെയും കണ്ടെത്തി ഉചിതമായ നടപടി സ്വീകരിക്കും. സുനാമി ഫ്ലാറ്റുകൾ നവീകരിച്ച് ഭൂരഹിത-ഭവന രഹിതർക്ക് നൽകും. ഒഴിഞ്ഞുകിടക്കുന്ന സുനാമിഫ്ലാറ്റുകൾ ഭൂരഹിതർക്ക് നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി കലക്ടറുടെ സാന്നിധ്യത്തിൽ ഉടൻ യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. ജില്ലയിൽ ഒരാൾപോലും ഭവനരഹിതരായി തുടരാൻ പാടില്ലെന്നും ലൈഫ് മിഷൻ അപേക്ഷ നൽകാൻ കഴിയാത്തവർക്ക് ഒരു അവസരംകൂടി നൽകാൻ സർക്കാരിനോട് അഭ്യർഥിച്ചതായും പരിപാടിക്ക് അധ്യക്ഷത വഹിച്ച് മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞു.
ലൈഫ് പദ്ധതി; ഗൃഹ പ്രവേശന ചടങ്ങിനെത്തി മുഖ്യമന്ത്രി
കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത പാർപ്പിട വികസനമാണ് ലൈഫ് പദ്ധതിവഴി നടപ്പിലാക്കിയതെന്ന് സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രണ്ടരലക്ഷം വീടുകളിലൂടെ പത്ത്‌ലക്ഷം പേർക്ക് അന്തിയുറങ്ങാൻ സുരക്ഷിതമായ പാർപ്പിടം എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.