കാഥികന്‍ സാംബശിവന്‍റെ ഓർമയിൽ കഥാപ്രസംഗത്തിന് നൂറാണ്ട് കൊല്ലം: കേരളത്തിന്‍റെ സ്വന്തം കഥാപ്രസംഗ കലയുടെ ശതാബ്‌ദി വർഷമാണ് കടന്നുപോകുന്നത്. ശതാബ്‌ദി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി ആധുനിക കഥാപ്രസംഗകലയുടെ ശില്‌പി എന്ന് അറിയപ്പെടുന്ന വി സാംബശിവന്‍റെ ജന്മനാടായ കൊല്ലത്ത് സാംബശിവന്‍റെ പേരിലൊരുക്കിയ കലോത്സവ വേദിയില്‍ വിദ്യാർഥികൾ കഥ പറഞ്ഞപ്പോൾ അതൊരു നിയോഗമായി. കഥ കേൾക്കാൻ ജനം ഒഴുകിയെത്തി.
ആവേശം നിറയുന്ന കഥകൾ... കോരിത്തരിപ്പിക്കുന്ന സംഭാഷണങ്ങൾ...ഉശിരാർന്ന ഈരടികൾ...അതിനിടെ ഉച്ചവെയില്‍ കൊണ്ട് മഴയെത്തി. മഹാകവി കുമാരനാശാന്‍റെ സ്‌മാരകത്തിൽ നിന്ന് ലഭിച്ച കസ്‌തൂരി ചെമ്പകത്തൈ, സാംബശിവന്‍റെ സ്‌മാരക മുറ്റത്ത് നട്ടുകൊണ്ടാണ് ശതാബ്‌ദി ആഘോഷത്തിന് തുടക്കം കുറിച്ചത്. ആ മരം വളരും പോലെ കഥപ്രസംഗ കല വളർന്ന് പന്തലിക്കുമെന്ന പ്രതീക്ഷയാണ് സംസ്ഥാന സ്‌കൂൾ കലോത്സവം പകരുന്നത്.
സ്‌കൂൾ കലോത്സവത്തിലെ കഥാപ്രസംഗ മത്സരത്തിൽ മിക്ക ടീമുകളുടെയും പ്രകടനം മികച്ച നിലവാരം പുലർത്തിയെന്ന് വിധികർത്താക്കൾ പറഞ്ഞു. ജനങ്ങളുടെ ആസ്വാദന മണ്ഡലത്തിൽ നിന്ന് പതിയെ അകലുന്ന കഥാപ്രസംഗ കലയുടെ പുനരുജ്ജീവനത്തിന് സർക്കാരിന്‍റെ ഇടപെടൽ തേടുകയാണ് അവശേഷിക്കുന്ന കാഥികർ. ശ്രീനാരായണ ഗുരുദേവന്‍റെ ആശിർവാദവും മാർഗ നിർദേശവും സ്വീകരിച്ചാണ് കഥാപ്രസംഗകല പിറവികൊണ്ടത്.
1924ൽ ഗുരുദേവന്‍റെ ശിഷ്യൻ സി എ സത്യദേവൻ മഹാകവി കുമാരനാശാന്‍റെ ചണ്ഡാലഭിക്ഷുകി അവതരിപ്പിച്ചതാണ് ആദ്യ കഥാപ്രസംഗം. ഗുരുദേവ ദർശനങ്ങളുടെ പ്രചാരണം ആദ്യകാലത്ത് കഥാപ്രസംഗകല ധർമ്മമായി ഏറ്റെടുത്തു. കൊല്ലം ജില്ലയെ പ്രതിനിധീകരിച്ചെത്തിയ പത്തനാപുരം സെന്‍റ് സ്റ്റീഫൻസ് എച്ച്എസ്എസ് വിദ്യാർഥികൾ അവതരിപ്പിച്ച കഥയിൽ മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ശ്രീ നാരായണ ഗുരുവിന്‍റെ ദർശനം നിറഞ്ഞു നിന്നത് പ്രത്യേകതയായി. പി കേശവദേവിന്‍റെ ഗുസ്‌തി എന്ന കഥയാണ് ഗുരുദേവ ദർശനത്തിന്‍റെ അകമ്പടിയോടെ സ്നേഹ തോമസ് പറഞ്ഞത്. പങ്കെടുത്ത എല്ലാ ടീമിനും എ ഗ്രേഡ് ലഭിച്ചു.
Also Read:സംസ്ഥാന സ്‌കൂൾ കലോത്സവം : അരിക്കൊമ്പൻ മുതൽ വന്ദന കൊലക്കേസ് വരെ, അരങ്ങ് തകർത്ത് മോണോ ആക്‌ട് പ്രതിഭകൾ
പ്രശംസ നേടി മോണോ ആക്‌ടും: 62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ (62nd State School Kalolsavam) ആൺ-പെൺ മോണോ ആക്‌ട് മത്സരവും ഏറെ അഭിനന്ദനം നേടിയിരുന്നു (Mono act competition). ആശയാവതരണം കൊണ്ടും അഭിനയ മികവ് കൊണ്ടും സദസിൻ്റെ നിറഞ്ഞ കൈയ്യടി നേടിയിരുന്നു മോണോ ആക്‌ട് കലാപ്രതിഭകളും. ഹൈസ്‌കൂള്‍, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നടന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മോണോ ആക്‌ട് വേദിയിലാണ് പ്രതിഭകൾ തകർത്തഭിനയിച്ചത്.
വിവിധ ആശയ അവതരണങ്ങൾ കൊണ്ട് വേറിട്ടതായിരുന്നു മോണോ ആക്‌ട് വേദി. സമകാലിക സംഭവങ്ങളടക്കമുള്ള സാമൂഹ്യ പ്രശ്‌നങ്ങളെ വരച്ചുകാട്ടുന്ന മികച്ച പ്രകടനങ്ങളുമായാണ് പ്രതിഭകൾ എത്തിയത്.