കൊല്ലം: സാമൂഹ്യനീതിവകുപ്പ്, ബാലാവാകശ കമ്മിഷന്‍, സംസ്ഥാന ലൈബ്രറി കൗൺസില്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ആദിവാസി ഊരുകളിൽ നടപ്പിലാക്കുന്ന ഊരുണർത്തൽ പദ്ധതിയ്ക്ക് കുളത്തൂപ്പുഴയിൽ തുടക്കമായി. കടമാൻകോട് - കുഴവിയോട് ആദിവാസികോളനിയിൽ സംഘടിപ്പിച്ച ഊരുണര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി ഗോത്രബോധിനി വായനശാല ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.ലൈലാ ബീവി ഉദ്ഘാടനം ചെയ്തു.
ഊരുണർത്തൽ പദ്ധതിയ്ക്ക് കുളത്തൂപ്പുഴയിൽ തുടക്കമായി അക്ഷരകേരളം പദ്ധതിപ്രകാരം വായനശാലകൾ സ്ഥാപിക്കുക, ആദിവാസകളില്‍ വ്യക്തിവികസനവും ലക്ഷ്യബോധവും വളർത്തി പരിപോഷിപ്പിക്കുക, ഇവർക്കുനേരെ ഉണ്ടാകുന്ന അതിക്രമങ്ങളെ ചെറുക്കാൻ ആവശ്യമായ പരിശീലനങ്ങൾ നൽകുക എന്നിവയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്‍റ് പി.ലൈലാ ബീവി പറഞ്ഞു.
ആദിവാസി കലാരൂപങ്ങൾ കെട്ടിയും വനവിഭങ്ങൾ ശേഖരിച്ച് ഉത്പന്നങ്ങളൊരുക്കി പ്രദർശിപ്പിച്ചും സദ്യയൊരുക്കിയും ഊരുജനങ്ങൾ ഊരുണര്‍ത്തല്‍ ആഘോഷമാക്കി. ഊരുമൂപ്പൻ അപ്പുകുട്ടൻകാണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ വയോധികരായ രാജേന്ദ്രൻകാണി, അമ്മിണി എന്നിവരെ വൈസ്പ്രസിഡന്‍റ് സാബു എബ്രഹാം ആദരിച്ചു.
ആദിവാസി വിഭാഗത്തില്‍ നിന്നും ഉന്നത വിജയം കൈവരിച്ച ഹരിത, നീതു എന്നിവരെ ബ്ലോക്ക് പഞ്ചായത്ത് അംഗം മിനിറോയി പൊന്നാട അണിയിച്ചു. കാട്ടുകമ്പും പുല്ലും ഈറയും മുളയും കൊണ്ട് നാടൻ തനിമയിൽ ഗ്രന്ഥശാലപുര നിർമ്മിച്ച ധരണീധരൻകാണിയെ പഞ്ചായത്ത് അംഗം വിഷ്ണു ബി.എസ് ആദരിച്ചു. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ വിവിധകലാപരിപാടികളും അരങ്ങേറി.