കൊല്ലം:കൊവിഡ് 19 രോഗപ്രതിരോധമായി ബന്ധപ്പെട്ട് ജില്ലയില്‍ ശുചിത്വം പാലിക്കാത്ത ഹോട്ടലുകള്‍, തട്ടുകടകള്‍, ജ്യൂസ് സ്റ്റാളുകള്‍, ബേക്കറികള്‍, ക്യാന്‍റീനുകള്‍ എന്നിവയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്‍റ് കമ്മീഷണര്‍ അറിയിച്ചു. പനി, തുമ്മല്‍, ജലദോഷം, ചുമ എന്നീ രോഗലക്ഷണങ്ങള്‍ ഉള്ള ജോലിക്കാരെ കര്‍ശന വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും താത്കാലികമായി ജോലിയില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യണം. ഭക്ഷണം കഴിക്കാനെത്തുന്ന ആളുകള്‍ക്ക് പനി, തുമ്മല്‍, ജലദോഷം, ചുമ ഇവയുണ്ടെങ്കില്‍ അവര്‍ മാസ്‌കോ, തുവാലയോ ഉപയോഗിക്കുവാന്‍ നിര്‍ദേശിച്ച് ഇവര്‍ക്ക് പ്രത്യേകം സ്ഥലവും വാഷ് ഏരിയയും നല്‍കണം.
കോവിഡ് 19;ശുചിത്വം പാലിക്കാത്ത ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടി - കൊല്ലം വാർത്തകൾ
ഹോട്ടലുകളില്‍ പനി, തുമ്മല്‍, ജലദോഷം, ചുമ എന്നീ രോഗലക്ഷണങ്ങള്‍ ഉള്ള ജോലിക്കാരെ കര്‍ശന വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും താത്കാലികമായി ജോലിയില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യണം.
മേശപ്പുറത്ത് പാത്രങ്ങളില്‍ കറികള്‍ നേരത്തെ വിളമ്പി വയ്ക്കുന്നത് ഒഴിവാക്കണം. ആവശ്യാനുസരണം ഹോട്ടല്‍ ജീവനക്കാര്‍ വിളമ്പി നല്‍കണം. മേശപ്പുറത്ത് കുടിവെള്ളം വച്ചിരിക്കുന്ന ജഗ്ഗ് വീണ്ടും വെള്ളം നിറയ്ക്കാനായി ശേഖരിച്ചു വച്ചിരിക്കുന്ന വെള്ളത്തില്‍ താഴ്ത്തരുത്. മേശപ്പുറത്തുള്ള രോഗാണുക്കള്‍ ജഗ്ഗിലൂടെ വെള്ളത്തില്‍ കലരാനിടയാകും. മറ്റൊരു വ്യത്തിയുള്ള പാത്രത്തില്‍ വെള്ളം എടുത്ത് ജഗ്ഗില്‍ നിറയ്ക്കണം. മേശപ്പുറം തുടയ്ക്കാന്‍ ഉപയോഗിക്കുന്ന തുണി സോപ്പ് വെള്ളത്തില്‍ കഴുകിയതിന് ശേഷം മാത്രമേ അടുത്ത മേശ തുടയ്ക്കാന്‍ പാടൂള്ളൂ. ആഹാരം കഴിച്ച ശേഷം പാത്രങ്ങള്‍, ഗ്ലാസ്സ്, സ്പൂണ്‍ എന്നിവ സോപ്പ് ഉപയോഗിച്ച് കഴുകുകയും പിന്നീട് തിളച്ച വെള്ളത്തില്‍ മുക്കിയെടുക്കുകയും ചെയ്യണം.
ആഹാരം കഴിക്കുന്നതിനായി വരുന്നവര്‍ക്ക് സോപ്പ് ഒഴിവാക്കി ലിക്വിഡ് ഹാന്‍റ് വാഷ് കൈകഴുകുവാന്‍ നല്‍കണം. ലിക്വിഡ് ഹാന്‍റ് വാഷ് ഒരു കാരണവശാലും വെള്ളം ഒഴിച്ച് നേര്‍പ്പിക്കരുത്. ക്യാഷ് കൗണ്ടറില്‍ രൂപ കൈകാര്യം ചെയ്യുന്നവര്‍ യാതൊരു കാരണവശാലും ആഹാരപദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യരുത്. ജോലിക്ക് ഹാജരായിട്ടുള്ള എല്ലാ ജീവനക്കാരുടെയും മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് വരുന്ന ഉദ്യോഗസ്ഥര്‍ ചോദിക്കുമ്പോള്‍ നല്‍കണം. കുടിവെള്ളം പരിശോധിച്ച ലാബ് റിപ്പോര്‍ട്ട് (ആറു മാസത്തിനത്തിനുള്ളില്‍ വെള്ളം പരിശോധിച്ച റിപ്പോര്‍ട്ട്) പരിശോധന സമയത്ത് നല്‍കണമെന്നും നിർദേശമുണ്ട്.