കൊല്ലം:തെരുവുനായകളെ ഭയന്ന് പൂയപള്ളി പഞ്ചായത്തിലെ തച്ചക്കോട് വാർഡ്. കൂട്ടത്തോടെയെത്തുന്ന തെരുവുനായകള്‍ വീടുകളില്‍ വളര്‍ത്തുന്ന ആടുകളെയും മറ്റും കൊന്നുതിന്നുന്നതാണ് പ്രദേശവാസികളെ ഭീതിയിലാഴ്‌ത്തുന്നത്. അതേസമയം വെളിയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോഴി ഫാമുകളിൽ നിന്നുള്ള ഇറച്ചിമാലിന്യങ്ങൾ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ നിക്ഷേപിക്കുന്നതാണ് പ്രദേശത്ത് തെരുവ് നായകൾ തമ്പടിക്കാൻ കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ആടുകളെയും കോഴികളെയും കൊന്നുതിന്നുന്നത് പതിവായതോടെ തെരുവ് നായകളെ ഭയന്ന് ഒരു പ്രദേശം
വീടുകളില്‍ വളര്‍ത്തുന്ന ആടുകളെയും മറ്റും കൊന്നുതിന്നുന്നത് പതിവായതോടെ തെരുവുനായകളെ ഭയന്ന് പൂയപള്ളി പഞ്ചായത്തിലെ തച്ചക്കോട് വാർഡ്
കഴിഞ്ഞ ദിവസം രാത്രിയില്‍ തച്ചക്കോട് വള്ളുവെട്ടത്ത് വടക്കതിൽ മണിയൻ ആചാരിയുടെ ആടുകളെ തെരുവുനായകള്‍ കൊന്നുതിന്നിരുന്നു. കൂടാതെ രണ്ടുദിവസം മുമ്പ് ആദർശ് ഭവനിൽ ഉപേന്ദ്രകുമാറിന്‍റെ ആടിനെയും തെരുവുനായകൾ കടിച്ചു കൊന്നിരുന്നു. ഈ പ്രദേശങ്ങളിലെ നിരവധി കോഴികളെയും കഴിഞ്ഞ കുറെ നാളുകളായി തെരുവുനായകൾ കൊന്ന് തിന്നുകൊണ്ടിരിക്കുകയാണെന്നും നാട്ടുകാർ അറിയിച്ചു.
തച്ചക്കോട് മേഖലയിൽ താമസിക്കുന്നതിൽ ബഹുപൂരിപക്ഷവും കർഷകത്തൊഴിലാളികളും ക്ഷീര കർഷകരാണ്. അതുകൊണ്ടുതന്നെ തെരുവുനായ ശല്യം കാരണം ആടുമാടുകളെയും കോഴികളെയും കൂട്ടിന് പുറത്തിറക്കാൻ കഴിയാത്ത സ്ഥിതിയാണെന്ന് ഇവര്‍ പറയുന്നു. തെരുവുനായകളിൽ നിന്നും ക്ഷീരകർഷകരെ സംരക്ഷിക്കാൻ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.