കൊല്ലം: പൊലീസ് വാഹനത്തിൽ കയറാൻ വിസമ്മതിച്ചയാൾക്ക് മർദ്ദനം. ഹെല്‍മെറ്റില്ലാതെ ബൈക്കില്‍ യാത്ര ചെയ്തതിനെ തുടർന്നാണ് കൊല്ലം മഞ്ഞപ്പാറ സ്വദേശി രാമാനന്ദൻ പൊലീസ് പിടിയിലായത്. രാവിലെ ആയൂരില്‍ വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം.
ഹെല്‍മറ്റില്ലാതെ യാത്ര, പൊലീസ് വാഹനത്തില്‍ കയറാൻ വിസമ്മതിച്ചയാൾക്ക് മർദ്ദനം ജോലിക്കായി സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുകയായിരുന്നു രാമാനന്ദന്‍. ഇരുവർക്കും ഹെൽമറ്റ് ഇല്ലാത്തതിനാൽ പൊലീസ് വാഹനം പിടികൂടി. ഹെല്‍മെറ്റും ലൈസന്‍സും ഇല്ലാത്തതിനാല്‍ പിഴ അടയ്ക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. എന്നാൽ പണമില്ലാത്തതിനാല്‍ പിഴ ഉടന്‍ അടയ്ക്കാന്‍ കഴിയില്ലെന്ന് ഇവര്‍ പറഞ്ഞതോടെ പൊലീസ് സ്റ്റേഷനിലേക്ക് വരാൻ ആവശ്യപ്പെട്ടു.
കൂടെയുള്ള ആളെ പൊലീസ് ജീപ്പില്‍ കയറ്റിയ ശേഷം വാഹനത്തില്‍ കയറാന്‍ രാമാനന്ദനോടും പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ പൊലീസ് നിർദേശം രാമനന്ദൻ വിസമ്മതിക്കുകയായിരുന്നു. തുടർന്നാണ് പ്രൊബേഷന്‍ എസ്.ഐ നജീം ഇയാളെ വാഹനത്തിലേക്ക് വലിച്ചുകയറ്റുന്നതിനിടെ മുഖത്തടിച്ചത്. ഇതോടെ താന്‍ രോഗിയാണെന്നും ആശുപത്രിയില്‍ എത്തിക്കണമെന്നും പറഞ്ഞ് രാമാനന്ദന്‍ ബഹളം ഉണ്ടാക്കി. തുടർന്ന് ഇയാളെ വാഹനത്തില്‍ നിന്നിറക്കി, ഒപ്പമുണ്ടായിരുന്ന ആളെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷിലേക്ക് കൊണ്ടുപോകുകയായിരുന്നു.
എസ്.ഐയെ ആക്രമിക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് രാമാനന്ദനെ മര്‍ദ്ദിച്ചത് എന്നാണ് പൊലീസ് പറയുന്നത്. ഹൃദ്രോഗിയായ രാമാനന്ദന്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.