കൊല്ലം:കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന രോഗിയെ രോഗം ഭേദമാകുന്നതിന് മുൻപ് ഡിസ്ചാർജ് ചെയ്തതായി പരാതി. കൊട്ടാരക്കര ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററിന് എതിരെയാണ് ആരോപണം. രോഗം ഭേദമായ സർട്ടിഫിക്കറ്റ് നല്‍കി വീട്ടില്‍ പോകാൻ നിർദേശിച്ച കിഴക്കേകല്ലട ചിറ്റുമല സ്വദേശിയായ യുവാവിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് സംബന്ധിച്ച യുവാവിന്‍റെ ശബ്ദ രേഖ ഇടിവി ഭാരത് പുറത്തുവിട്ടു.
രോഗം ഭേദമാകാതെ കൊവിഡ് രോഗിയെ ഡിസ്‌ചാർജ് ചെയ്തു; യുവാവിന്‍റെ ശബ്‌ദരേഖ ഇടിവി ഭാരതിന്
കൊട്ടാരക്കര ഫസ്റ്റ് ലൈൻ ട്രീൻമെന്‍റ് സെന്‍ററിന് എതിരെയാണ് ആരോപണം. അസുഖം ഭേദമായ സർട്ടിഫിക്കറ്റ് നല്‍കി വീട്ടില്‍ പോകാൻ നിർദേശിച്ച കിഴക്കേകല്ലട ചിറ്റുമല സ്വദേശിയായ യുവാവിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ മാസം 29ന് സൗദിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയ യുവാവിനെ കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ജില്ലയില്‍ നിരീക്ഷണത്തിലാക്കി. പിന്നീട് നടത്തിയ പരിശോധനയില്‍ പോസ്റ്റീവായതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടമാകാത്തതിനെ തുടർന്ന് കൊട്ടാരക്കര ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്‍റ് സെന്‍ററിലേക്ക് മാറാൻ മെഡിക്കല്‍ കോളജില്‍ നിന്ന് യുവാവിന് നിർദേശം നല്‍കി. ഇതിന് ശേഷം ജൂലായ് 10നും 13നും വീണ്ടും സ്രവം പരിശോധിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഫലം നെഗറ്റീവാണെന്നും ഡിസ്ചാർജ് വാങ്ങി പോകാനും ആശുപത്രി അധികൃതർ യുവാവിനോട് അറിയിച്ചു. എന്നാല്‍ വീട്ടില്‍ പ്രായമായ മാതാപിതാക്കൾ ഉള്ളതിനാല്‍ യുവാവ് കൊട്ടിയത്ത് പെയ്‌ഡ് ക്വാറന്‍റൈനില്‍ താമസം ശരിയാക്കി അവിടേക്ക് മാറി.
ഇതിനിടെയിലാണ് ആരോഗ്യവകുപ്പിൽ നിന്ന് യുവാവിനെ ബന്ധപ്പെടുകയും പിന്നീട് പരിശോധിച്ച ഫലം പോസിറ്റീവാണെന്ന് പറയുകയും ചെയ്തത്. തുടർന്ന് ഉച്ചയോടെ ആംബുലൻസ് എത്തി യുവാവിനെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരിശോധന ഫലത്തെ കുറിച്ച് ആരോഗ്യവകുപ്പിനുണ്ടായ ആശയക്കുഴപ്പം മറ്റ് രോഗികൾക്കും ബന്ധുക്കൾക്കും ഇടയിൽ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.