കൊല്ലം :കഞ്ചാവ് കേസില്‍ പൊലീസിനെ വെട്ടിച്ചുകടന്ന മുഖ്യപ്രതി പിടിയില്‍. കുറുമണ്ടൽ പൂക്കുളം സുനാമി കോളനിയിൽ കലേഷാണ് (30) മാസങ്ങൾക്കുശേഷം പരവൂര്‍ പൊലീസിന്‍റെ പിടിയിലായത്. വ്യത്യസ്‌ത സ്‌റ്റേഷനുകളിലായി നിരവധി കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്.
ഒന്നര കിലോയോളം കഞ്ചാവ് കൈവശംവച്ചതിന് കൊല്ലം സെഷൻസ് കോടതി ഏഴ് വർഷം കഠിന തടവിന് ഇയാള്‍ക്ക് ശിക്ഷ വിധിച്ചിരുന്നു. ഈ കേസില്‍ ജാമ്യത്തില്‍ നിൽക്കവേയാണ് വീണ്ടും കഞ്ചാവ് കടത്തിയ കേസിൽ പിടിയിലായത്. ജില്ല പൊലീസ് മേധാവി ടി നാരായണൻ ഐ.പി.എസിന്‍റെ നിർദേശാനുസരണം പരവൂർ മേഖല കേന്ദ്രീകരിച്ച് നടത്തിയ പ്രത്യേക പരിശോധനയിലാണ് സുനാമി കോളനിക്ക് സമീപത്ത് നിന്നും കഞ്ചാവ് പിടികൂടിയത്. 2021 ഡിസംബർ 30നാണ് ബൈക്കിൽ കൊണ്ട് വന്ന ലഹരിവസ്‌തു പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഞ്ചാവ് വിൽപ്പനയില്‍ മാത്രം അഞ്ച് കേസുകള്‍
പൊലീസിനെ കണ്ട് കലേഷ് ഓടി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കൊപ്പം ബൈക്ക് ഓടിച്ചിരുന്ന ദീപു എന്നയാളെ പൊലീസ് പിടികൂടുകയുണ്ടായി. സംഭവത്തിന് ശേഷം ഒളിവിൽ പോയ കലേഷ് തിരികെ നാട്ടിലെത്തിയതായി ജില്ല പൊലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.