കൊല്ലം:ഒരു കുടുംബത്തില്‍ നിന്നും ഒന്നിലധികം സ്ഥാനാര്‍ഥികള്‍ ഒരു പക്ഷെ വലിയ പുതുമയാകില്ല. പക്ഷെ ഒരു കുടുംബത്തിലെ നിന്നുള്ള രണ്ട് സ്ഥാനാര്‍ഥികള്‍ അതും അമ്മയും മകനും ബദ്ധവൈരികളായ രണ്ടു മുന്നണികളില്‍ മത്സരിച്ചാലോ..? കാര്യം അല്‍പ്പം ഗൗരവം ഉള്ളതാകും. കൊല്ലം ഇടമുളയ്ക്കല്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡായ പനച്ചിവിളയിലാണ് ഇക്കുറി പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്നത്.
ഇടമുളക്കൽ പനച്ചവിള പുത്താറ്റ് ദിവ്യാലയത്തിൽ സുധർമ ദേവരാജനും, മകൻ ദിനുരാജുവുമാണ് ഇവിടെ താരങ്ങള്‍. അമ്മ സുധർമ ദേവരാജന്‍ ബിജെപിയുടെ പാനലില്‍ എന്‍ഡിഎ മുന്നണി സ്ഥാനാര്‍ഥിയായും മകന്‍ ദിനുരാജ് സിപിഎം പാനലില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയുമായിട്ടാണ് ഏറ്റുമുട്ടുന്നത്. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രഖ്യാപനം ഉണ്ടായിട്ടില്ലങ്കിലും മത്സരം തീ പാറും എന്ന കാര്യത്തില്‍ സംശയമില്ല. കാരണം നിലവില്‍ ഇടതുമുന്നണിയാണ് വാര്‍ഡില്‍ വിജയിച്ചത്. എന്നാല്‍ ഇപ്പോള്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി സുധര്‍മ്മ ദേവരാജന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിസാരമായ വോട്ടിനാണ് ഇടതു സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടത് എന്നതാണ് ശ്രദ്ധേയം. ഈ ആത്മവിശ്വാസത്തിലാണ് വീണ്ടും ഒരിക്കല്‍ കൂടി സുധര്‍മ്മയെ മത്സരിപ്പിക്കാന്‍ ബിജെപി നേതൃത്വം തീരുമാനിച്ചത്.