സ്ത്രീധനം നല്‍കിയില്ല; യുവതിയെ പട്ടിണിക്കിട്ട് കൊന്നു - ഭര്‍ത്താവും അമ്മയും
കരുനാഗപ്പള്ളി സ്വദേശിനി തുഷാരയാണ് മരിച്ചത്. ഭര്‍ത്താവ് ചന്തുലാല്‍, മാതാവ് ഗീതാലാല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു
സ്ത്രീധനത്തിന്‍റെ പേരിൽ ഭർതൃവീട്ടുകാർ യുവതിയെ പട്ടിണിക്കിട്ട് കൊന്നതായി പരാതി. കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തുളസീധരൻ - വിജയലക്ഷ്‌മി ദമ്പതികളുടെ മകൾ തുഷാരയാണ് ഇരയായത്. തുഷാരയുടെ ഭർത്താവ് ചന്തുലാൽ, മാതാവ് ഗീതാലാൽ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീധനത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഇരുവരും ചേർന്ന് തുഷാരയെ ക്രൂരമായി പീഡിപ്പിച്ചെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. മാനസികവും ശാരീരികവുമായ പീഡനം, പട്ടിണിക്കിടുക തുടങ്ങിയ കുറ്റങ്ങൾ ഇരുവരുടെയും മേൽ ചുമത്തി. 2013ലായിരുന്നു തുഷാരയുടെയും ചന്തുലാലിന്‍റെയും വിവാഹം. തുടർന്ന് ചന്തുലാൽ രണ്ടു ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും തുഷാരയുടെ വീട്ടുകാർ നൽകിയില്ല. തുഷാരയെ പിന്നീട് മാനസികവും ശാരീരികവുമായി ഭർത്താവും മാതാവും ചേർന്ന് പീഡിപ്പിച്ചു. സ്വന്തം വീട്ടുകാരെ ഒരു രീതിയിലും ബന്ധപ്പെടാൻ അനുവദിച്ചില്ല. ഈ മാസം 21ന് കൊല്ലം ജില്ലാ ആശുപത്രിയിൽ തുഷാരയെ മരിച്ച നിലയിലാണ് എത്തിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ആഹാരം ലഭിക്കാതെയാണ് തുഷാര മരിച്ചതെന്ന് കണ്ടെത്തി. ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തിയിരുന്നു. തുഷാരക്ക് പഞ്ചസാര വെള്ളവും അരി കുതിർത്തതും നൽകിയിരുന്നുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.