കൊല്ലം: പഴമയുടെയും പാരമ്പര്യത്തിന്‍റെയും ഓർമപ്പെടുത്തലുമായി പ്രസിദ്ധമായ ഓച്ചിറക്കളി നടന്നു. ദക്ഷിണ കേരളത്തിലെ പ്രസിദ്ധമായ കൊല്ലം ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലാണ് യുദ്ധസ്‌മരണകൾ പുതുക്കി ഓച്ചിറക്കളി നടന്നത്. ഓണാട്ടുകരയുടെ ആയോധനകലയുടെ തനിമ നഷ്‌ടമാകാതെ അങ്കച്ചുവടകളും അടവുകളും പ്രദർശിപ്പിക്കാൻ വ്രതം നോറ്റുകൊണ്ട് യോദ്ധാക്കൾ ഓച്ചിറ പടനിലത്തെത്തി.
പോരാട്ടസ്‌മരണകളുമായി ഓച്ചിറക്കളി:പ്രത്യേക വായ്‌താരിയോടെ വടി, വാൾ, പരിച എന്നിവ ഉപയോഗിച്ചാണ് ക്ഷേത്രത്തിന് സമീപമുള്ള എട്ടു കണ്ടത്തിൽ യോദ്ധാക്കൾ ഏറ്റുമുട്ടിയത്. ഒരു മാസത്തെ വ്രതാനുഷ്‌ടാനത്തോടു കൂടിയുള്ള പരിശീലനത്തിനൊടുവിലാണ് പ്രത്യേക വേഷവിധാനത്തോടെ ആയുധങ്ങളേന്തിയ യോദ്ധാക്കൾ കളിയാശാൻമാരുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലെത്തിയത്. പടനിലത്തെത്തിയ കളിസംഘങ്ങളെ ക്ഷേത്ര ഭരണസമിതി ഭാരവാഹികളും സ്ഥാനികളും ചേർന്ന് പരബ്രഹ്മ ഭൂമിയിലേക്ക് സ്വീകരിച്ചു.