കൊല്ലം: പട്ടാപ്പകൽ യുവാവിനെ നടുറോഡിൽ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതികളായ തമിഴ്നാട് സ്വദേശിയായ ഇറച്ചിവെട്ടുകാരനേയും മകനേയും പൊലീസ് പിടികൂടി. തമിഴ്നാട് മധുര സ്വദേശിയായ പ്രകാശ്, മകൻ രാജ പാണ്ഡ്യൻ എന്നിവരെയാണ് കൊല്ലം എ.സി .പി ടി.ബി. വിജയന്‍റെ നേത്യത്വത്തിലുള്ള സംഘം പിടികൂടിയത്.
കൊലപാതകത്തില്‍ കലാശിച്ചത് നിസാര തര്‍ക്കം
കൊല്ലം മരുത്തടി പള്ളിക്കാവിന് സമീപം ജവാൻ മുക്കിലാണ് ഞായറാഴ്ച രാവിലെ സംഭവം നടന്നത്. ഓഞ്ചേഴുത്ത് കാവിന് സമീപം താമസിക്കുന്ന വിഷ്ണുവാണ് (29) കുത്തേറ്റ് മരിച്ചത്. വിഷ്ണുവും സുഹൃത്തും സഞ്ചരിച്ച ബൈക്ക്, പ്രതിയായ പ്രകാശ് സഞ്ചരിച്ച ബൈക്കിന് സൈഡ് കൊടുത്തില്ലെന്നും പറഞ്ഞ് പള്ളിക്കാവ് കരുമ്പോലി ജങ്ഷനിൽ വെച്ച് വാക്കുതർക്കം നടന്നിരുന്നു.
പ്രകോപിതനായ പ്രകാശ് സമീപത്തെ കടയിൽ നിന്നും സോഡാ കുപ്പി പൊട്ടിച്ച് കുത്താൻ ശ്രമിക്കുകകയും പരസ്പരം അടി പിടി നടക്കുകയുമുണ്ടായി. എന്നാല്‍ നാട്ടുകാർ കൂടിയതോടെ ഇരുവരും പിരിഞ്ഞ് പോയി. വീട്ടിലെത്തിയ പ്രകാശ് മകൻ രാജ പാണ്ഡ്യനോട് സംഭവം പറയുകയും. ഇരുവരും വീട്ടിൽ നിന്നും ഇറച്ചിവെട്ടാൻ ഉപയോഗിക്കുന്ന കത്തിയുമായി ബൈക്കിൽ വിഷ്ണുവിനെയും കൂട്ടുകാരനെയും തിരക്കിയിറങ്ങി.
തുടര്‍ന്ന് പള്ളിക്കാവിന് സമീപം ജവാൻ മുക്കിൽ വെച്ച് വിഷ്ണുവിനെയും കൂട്ടുകാരനെയും കാണുകയും, ബൈക്കിന് പിറകിൽ യാത്ര ചെയ്തിരുന്ന പ്രകാശ് കൈയ്യിൽ കരുതിയ കത്തിയുമായി ചാടിയിറങ്ങി വിഷ്ണുവിന്‍റെ നെഞ്ചിൽ കുത്തുകയുമായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്നും ബൈക്ക് ഉപേഷിച്ച് പ്രതികൾ ഓടി രക്ഷപ്പെട്ടു.