കൊല്ലം:ജില്ലയില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച രോഗിയുടെ വിവരങ്ങൾ ശേഖരിക്കുന്നതിൽ ആരോഗ്യവകുപ്പിന് ഗുരുതര വീഴ്‌ച. കൊല്ലം ഡി.എം.ഒ ഓഫിസിൽ നിന്ന് രോഗിയുടെ പേരിൽ തെറ്റായ റൂട്ട് മാപ്പ് ആദ്യം പുറത്തുവിട്ടതാണ് സംഭവം. ഇതേതുടര്‍ന്ന്, രോഗിയുമായി ഏറ്റവും അടുത്ത് സമ്പർക്കത്തിൽ ഉൾപ്പെട്ടവരെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
കൊല്ലത്തെ മങ്കിപോക്‌സ് രോഗിയുടെ റൂട്ട് മാപ്പുമായി ബന്ധപ്പെട്ട് ജില്ല കലക്‌ടറും ആശുപത്രി സെക്രട്ടറിയും മാധ്യമങ്ങളോട് സംസാരിക്കുന്നു രോഗിയുമായി ബന്ധപ്പെട്ട് കൊല്ലം ജില്ല കലക്‌ടര്‍ നടത്തിയ വാർത്താസമ്മേളനം മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്ന് നിർദേശമുണ്ട്. വിദേശത്തുനിന്നും കൊല്ലത്ത് എത്തിയ രോഗി പ്രാഥമിക ചികിത്സ തേടിയ എൻ.എസ് സഹകരണ ആശുപത്രിയിൽ നിന്നും പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു എന്നായിരുന്നു ഡി.എം.ഒ ഓഫിസിൽ നിന്നും കഴിഞ്ഞ ദിവസം പുറത്തുവിട്ട റൂട്ട് മാപ്പിലുള്ളത്. എന്നാൽ, രോഗി ടാക്‌സി വിളിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കാണ് പോയത്.
അയച്ചത് വേണ്ടത്ര സുരക്ഷയില്ലാതെ:രോഗിയെ കൊല്ലത്തെ സഹകരണ ആശുപത്രിയിൽ എത്തിച്ച, ഓട്ടോ ഡ്രൈവറെയും അവിടെ നിന്നും തിരുവനന്തപുരത്തെക്ക് കൊണ്ടുപോയ ടാക്‌സി ഡ്രൈവറെയും തിരിച്ചറിഞ്ഞിട്ടില്ല. രോഗി തന്നെ വാനര വസൂരി രോഗം ഉണ്ടെന്ന സംശയം പറഞ്ഞിട്ടും വേണ്ടത്ര സുരക്ഷയില്ലാതെയാണ് സ്വകാര്യ ആശുപത്രി മെഡിക്കൽ കോളജിലേക്ക് അയച്ചതെന്നും ആക്ഷേപമുണ്ട്. രോഗി സ്വകാര്യ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോയ വിവരം കലക്‌ടര്‍ വാർത്ത സമ്മേളത്തിൽ വ്യക്തമാക്കിയതോടെയാണ് ആരോഗ്യ വകുപ്പിൻ്റെ വീഴ്‌ച പുറത്തായത്.
എന്നാൽ, സഹകരണ ആശുപത്രി വിവരങ്ങൾ കൈമാറിയില്ലെന്ന് ഡി.എം.ഒ വ്യക്തമാക്കി. അതേസമയം, 12ാം തിയതി രോഗി ആശുപത്രിയിൽ എത്തിയപ്പോൾ തന്നെ വിവരം ഡെപ്യൂട്ടി ഡി.എം.ഒയെ അറിയിച്ചെന്നും അവിടെ നിന്നും മാർഗ നിർദേശം ലഭിച്ചതായുമാണ് സ്വകാര്യ ആശുപത്രിയുടെ വിശദീകരണം. നേരത്തേ നല്‍കിയ വാർത്താസമ്മേളന റിപ്പോര്‍ട്ട് മാധ്യമങ്ങൾ നൽകരുതെന്ന് പി.ആർ.ഡി വഴി കലക്‌ടര്‍ വാർത്താകുറിപ്പിലൂടെയാണ് അറിയിച്ചത്.
ALSO READ|42 വർഷം മുമ്പ് ഉന്മൂലനം ചെയ്‌ത വസൂരിയുമായി സാമ്യം ; എന്താണ് മങ്കി പോക്‌സ് ?