കൊല്ലം :ഓയൂരിൽ നിന്ന് ആറ് വയസുകാരി അബിഗേല്‍ സാറ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ഒരു ബന്ധവുമില്ലെന്ന് കുണ്ടറ കുഴിയം സ്വദേശി ഷാജഹാൻ. പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് ഷാജഹാൻ താൻ നിരപരാധിയാണെന്ന് അറിയിച്ചത്.കഴിഞ്ഞ ദിവസം രാത്രിയാണ് ഷാജഹാൻ കുണ്ടറ പൊലീസ് സ്റ്റേഷനിൽ എത്തിയത്. നേരത്തെ കേസിൽ ഷാജഹാൻ പ്രതിയാണെന്ന തരത്തിൽ ഇയാളുടെ ചിത്രങ്ങൾ അടക്കം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഷാജഹാൻ താന്‍ നിരപരാധിയാണെന്ന് അറിയിച്ച് രംഗത്തെത്തിയത്. സംഭവ ദിവസം താൻ എവിടെയായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളുമായിട്ടാണ് ഇയാൾ കുണ്ടറ പൊലീസ് സ്റ്റേഷനിൽ എത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിൽപ്പെട്ടവരുടെ രേഖാചിത്രം പൊലീസ് നേരത്തെ പുറത്തുവിട്ടിരുന്നു. ഇതിൽ ഷാജഹാനുമായുണ്ടായ രൂപസാദൃശ്യമാണ് ആരോപണങ്ങൾക്ക് വഴിവച്ചത്.
എന്നാൽ തനിക്ക് കേസുമായി യാതൊരു പങ്കുമില്ലെന്നും നിരപരാധി ആണെന്നും ഷാജഹാൻ മാധ്യമങ്ങളോട് പറഞ്ഞു. താന്‍ സ്വമേധയാ എത്തിയതാണെന്നും പരിശോധിക്കുന്നതിനായി പൊലീസ് തന്റെ ഫോൺ വാങ്ങിയിട്ടുണ്ടെന്നും ഷാജഹാൻ അറിയിച്ചു.
കേസിൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം നടക്കുന്നതായി അന്വേഷണസംഘം :കൊല്ലം ഓയൂരിൽ നിന്നും അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസിൽ അന്വേഷണം വഴിതെറ്റിക്കാൻ ശ്രമം നടക്കുന്നതായി പൊലീസ്. ചിലര്‍ അന്വേഷണ സംഘത്തിന് തെറ്റായ വിവരങ്ങൾ കൈമാറുന്നു. ഡി ഐ ജി നിശാന്തിനിയുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. സംഘത്തിലുണ്ടായിരുന്നതെന്ന് സംശയിക്കുന്ന ഒരു പുരുഷന്റെയും യുവതിയുടെയും രേഖാചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സംഘത്തിലെ സ്ത്രീയുടെ രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്.