കൊല്ലം:ഓയൂരില്‍ നിന്നും ആറ് വയസുകാരിയെ തട്ടിക്കൊണ്ട് പോയ കേസിലെ തെളിവെടുപ്പ് പൂര്‍ത്തിയായി (Kollam Six Year Old Girl Kidnapping Case). കുട്ടിയെ ഉപേക്ഷിച്ച കൊല്ലം ആശ്രാമത്ത് പ്രതികളെ എത്തിച്ച് അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. ആശ്രാമം മൈതാനത്തെ പാതയോരത്ത് പ്രതി പത്മകുമാറിന്‍റെ ഭാര്യ അനിത കുമാരിയെ മാത്രം വാഹനത്തില്‍ നിന്നും ഇറക്കിയാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത് (Kollam Oyoor Abduction Case Evidence Collection).
അനിത കുമാരി കുട്ടിയുമായി ഓട്ടോറിക്ഷയിൽ വന്നിറങ്ങിയതിന് ശേഷം കുട്ടിയെ ഇരുത്തിയ സ്ഥലവും അതിനുശേഷം തിരികെ ഓട്ടോയിലേക്ക് കയറുവാൻ നടന്നുപോയ വഴിയും അന്വേഷണസംഘത്തിന് കാട്ടികൊടുത്തു. അനിത കുമാരി ഓട്ടോയിൽ കയറിയ ലിങ്ക് റോഡിലും, കുട്ടിയെ ഉപേക്ഷിച്ച ശേഷം ഇവർ പോയെന്ന് പറയുന്ന ബിഷപ്പ് ജെറോം നഗറിലും, പള്ളിമുക്കിലെ കടയിൽ എത്തിച്ചും തെളിവെടുപ്പ് നടത്തി.
ഇതോടെ കേസിൽ അന്വേഷണസംഘത്തിന്‍റെ തെളിവെടുപ്പ് പൂർത്തിയായി. ചോദ്യം ചെയ്യുവാനും തെളിവെടുപ്പിനുമായി ഏഴു ദിവസത്തേക്കാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. ഈ മാസം 14ന് പ്രതികളെ വീണ്ടും കോടതിയിൽ ഹാജരാക്കും.
നേരത്തെ, പദ്‌മകുമാറിന്‍റെ വീട്ടിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. നാലര മണിക്കൂര്‍ കൊണ്ടായിരുന്നു ചാത്തന്നൂരില്‍ ഇവരുടെ വീട്ടില്‍ അന്ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസത്തെ സംഭവങ്ങൾ അന്ന് വീടിനുള്ളിൽ പുനരാവിഷ്‌കരിച്ചിരുന്നു.