കൊല്ലം:നഗരത്തില്‍ തെരുവ് നായയുടെ ആക്രമണത്തില്‍ സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ പത്തോളം പേര്‍ക്ക് പരിക്ക്. കൊല്ലം ശ്രീ നാരായണ വനിത കോളജിന് മുന്നില്‍ കര്‍ബല റോഡില്‍ വച്ചാണ് തെരുവ് നായ ആക്രമണം ഉണ്ടായത്. കോളജിലും, ട്യൂഷന്‍ സെന്‍ററിലും പഠിക്കുന്ന വിദ്യാര്‍ഥികളെയും, സ്‌കൂള്‍ ബസ് ക്ലീനറെയുമാണ് നായ ആക്രമിച്ചത്.
കൊല്ലം നഗരത്തില്‍ തെരുവ് നായയുടെ കടിയേറ്റ് പത്ത് വിദ്യാര്‍ഥികള്‍ക്ക് പരിക്ക് - തെരുവ് നായ ആക്രമണം
കര്‍ബല റോഡില്‍ വച്ചാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. കോളജിലും, ട്യൂഷന്‍ സെന്‍ററിലും എത്തിയ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്

ബിഷപ്പ് ജെറോം എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥി അനന്തു, ശ്രീനാരായണ നേഴ്‌സിങ് കോളജിലെ വിദ്യാർഥിനികളായ രാഖില, കാവ്യ, ആരതി, ഐശ്വര്യ, എസ്.എന്‍ വനിത കോളജിലെ വിദ്യാർഥിനികളായ ദേവിക, പ്രതിഭ, അമ്യത, എസ്.എന്‍ ട്രസ്റ്റ് സെന്‍റര്‍ സ്‌കൂളിലെ വിദ്യാർഥികളായ പ്രണവ്, വിനായകൻ, സ്‌കൂള്‍ ബസിലെ ക്ലീനറായ അതുൽ എന്നിവരെയാണ് തെരുവ് നായ അക്രമിച്ചത്. തെരുവ് നായയുടെ കടിയേറ്റ ഇവരെ ജില്ല ആശുപത്രിയിലും, സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു.
നഗരത്തിൽ തെരുവ് നായ ശല്യം രൂക്ഷമായിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപവും പ്രദേശവാസികളില്‍ നിന്നും ഉയരുന്നുണ്ട്. ജില്ലയിലെ പ്രധാന പ്രദേശങ്ങളായ കന്‍റോണ്‍മെന്‍റ് മൈതാനം, ആശ്രമം ലിങ്ക് റോഡ്, കോളേജ് ജംഗ്‌ഷൻ എന്നിവിടങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമാണ്. കാൽനട യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവർക്ക് തെരുവ് നായയുടെ കടി ഏൽക്കുന്നത് നിത്യ സംഭവമാണ്.