കൊല്ലം : കൊല്ലം ജില്ലയിലെ കൊവിഡ് ചികിത്സ കേന്ദ്രങ്ങളില്‍ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ ജില്ല പഞ്ചായത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമെന്ന് മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ജില്ല പഞ്ചായത്തിന്‍റെ ആഭിമുഖ്യത്തില്‍ അലോപ്പതി-ആയുര്‍വേദ- ഹോമിയോ വിഭാഗങ്ങള്‍ക്കുള്ള കൊവിഡ് പ്രതിരോധ സാമഗ്രികളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
രോഗവ്യാപനം ചെറുക്കുന്നതില്‍ പ്രതിരോധ സാമഗ്രികളുടെ ലഭ്യത പ്രധാനമാണ്. ജില്ല പഞ്ചായത്തിന്‍റെയും കെ.എം.എല്‍.എല്ലിന്‍റെയും സഹകരണത്തോടെ ശങ്കരമംഗലം സര്‍ക്കാര്‍ ഹയര്‍സെക്കന്‍ററി സ്‌കൂളിൽ സജ്ജമാകുന്ന കൊവിഡ് ചികിത്സ കേന്ദ്രം ജില്ലയുടെ ആരോഗ്യമേഖലയിലെ ശ്രദ്ധേയ നേട്ടമാണ്. കൊവിഡ് പ്രതിരോധത്തില്‍ ത്രിതല പഞ്ചായത്തുകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങൾ അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിരോധത്തിൽ കൊല്ലം ജില്ലാപഞ്ചായത്തിന്‍റെ പ്രവര്‍ത്തനം മാതൃകാപരം; ജെ ചിഞ്ചുറാണി അലോപ്പതി വിഭാഗത്തില്‍ 70 ലക്ഷം രൂപയുടെയും ആയുര്‍വേദ-ഹോമിയോ വിഭാഗങ്ങളില്‍ യഥാക്രമം 15 ഉം 10 ഉം ലക്ഷം രൂപയുടെയും പ്രതിരോധ സാമഗ്രികളാണ് വിതരണം ചെയ്തത്. പി. പി.ഇ.കിറ്റുകള്‍, എന്‍ 95 മാസ്‌കുകള്‍, ആന്‍റിജന്‍ കിറ്റുകള്‍, ഡെഡ് ബോഡി ബാഗുകള്‍, പള്‍സ് ഒക്‌സിമീറ്ററുകള്‍, ആയുര്‍വേദ-ഹോമിയോ പ്രതിരോധ മരുന്നുകളായ അപരാജിത ചൂര്‍ണം, സുദര്‍ശനം ഗുളികകള്‍, അര്‍സനികം ആല്‍ബം 30 തുടങ്ങിയവ വിതരണം ചെയ്തതില്‍ ഉള്‍പ്പെടുന്നു.
ALSO READ:പ്ലസ് വൺ പരീക്ഷകൾ ഓണാവധിയോട് അടുത്ത് നടത്തുമെന്ന് മുഖ്യമന്ത്രി
ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് സാം കെ. ഡാനിയേല്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. ശ്രീലത, ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ. അസുന്താ മേരി, ഹോമിയോ മെഡിക്കല്‍ ഓഫിസര്‍ ഡോ. സി. എസ്. പ്രദീപ് തുടങ്ങിയവര്‍ പ്രതിരോധ സാമഗ്രികള്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.