കേരളം

kerala

ETV Bharat / state

ചുവന്നു തുടുത്ത കൊല്ലം തിരിച്ചു പിടിക്കാൻ യുഡിഎഫ് - തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍

15 വര്‍ഷമായി ജില്ലയില്‍ നിന്നൊരു എംഎല്‍എ ഇല്ലാത്ത കോണ്‍ഗ്രസിനും സംസ്ഥാനത്ത് ഒരു എംഎല്‍എ പോലുമില്ലാത്ത ആര്‍എസ്‌പിക്കും കൊല്ലത്തെ പോരാട്ടം നിര്‍ണായകമാണ്.

kollam district election trend  election latest news  kollam latest news  കൊല്ലം വാര്‍ത്തകള്‍  തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍
കൊല്ലം

By

Published : Mar 26, 2021, 11:58 AM IST

കൊല്ലം:15 വര്‍ഷമായി കോണ്‍ഗ്രസ് മുക്ത ജില്ല. 2016 തെരഞ്ഞെടുപ്പില്‍ ആകെയുള്ള 11 മണ്ഡലങ്ങളും ചുവന്നു. കശുവണ്ടി, കർഷക, തോട്ടം, മത്സ്യ തൊഴിലാളികൾ ഏറെയുള്ള കൊല്ലം ജില്ല എന്നും ഇടതുപക്ഷത്തിന് വളക്കൂറുള്ള മേഖലയായിരുന്നു. 2006 ല്‍ ജില്ലയില്‍ നിന്നുള്ള ഏക യുഡിഎഫ് പ്രതിനിധി പത്തനാപുരത്ത് നിന്ന് ജയിച്ച കേരള കോണ്‍ഗ്രസ് ബി സ്ഥാനാര്‍ഥി ഗണേഷ് കുമാര്‍ മാത്രമായിരുന്നു. 2011ലും കാര്യമായ മാറ്റം ഉണ്ടായില്ല. അന്ന് രണ്ട് സീറ്റുകള്‍ നേടാൻ യുഡിഎഫിനായെങ്കിലും അവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായിരുന്നില്ല. പത്തനാപുരത്ത് കെ.ബി ഗണേഷ് കുമാര്‍ വീണ്ടും ജയിച്ചപ്പോള്‍ ചവറയില്‍ ആര്‍എസ്‌പിയുടെ ഷിബു ബേബി ജോണും വിജയിച്ചു. 2016 ആയപ്പോഴേക്കും കേരള കോണ്‍ഗ്രസ് ബി ഇടതുപക്ഷത്തേക്ക് പോയി. ചവറയില്‍ ആര്‍എസ്‌പി കൂടി തോറ്റതോടെ കോണ്‍ഗ്രസിന്‍റെ അവസ്ഥയിലായി യുഡിഎഫ്. 2016ല്‍ ചവറയില്‍ ആര്‍എസ്‌പിയെ അട്ടിമറിച്ച് എൻ. വിജയപിള്ള നേടിയ വിജയം അവിശ്വസനീയമായിരുന്നു. സംസ്ഥാനത്ത് ആകെ ഒരു സീറ്റ് ലഭിച്ച ആര്‍എസ്‌പി ലെനിനിസ്റ്റ് കുന്നത്തൂരിലും ജയിച്ചു. താരപ്രഭയില്‍ കൊല്ലത്തിറങ്ങിയ മുകേഷും തോറ്റില്ല. ആര്‍എസ്‌പിയുടെ സീറ്റായ ഇരവിപുരം നൗഷാദിലൂടെ എല്‍ഡിഎഫ് പിടിച്ചെടുത്തു. ഒരംഗത്തെ പോലും നിയമസഭയിലെത്തിക്കാൻ കഴിയാതെപോയ ഗതികേടിലേക്ക് ആര്‍എസ്‌പിയെ തള്ളിവിട്ടതും 2016ലെ തെരഞ്ഞെടുപ്പായിരുന്നു. നാല് സീറ്റും വിജയിച്ച് സിപിഐയും കരുത്ത് കാട്ടി. മറുവശത്ത് പതിവ് തെറ്റിക്കാതെ കോണ്‍ഗ്രസ് പ്രമുഖരെല്ലാം തോല്‍വിയുടെ രുചിയറിഞ്ഞു.

ചുവന്നു തുടുത്ത കൊല്ലം തിരിച്ചു പിടിക്കാൻ യുഡിഎഫ്

2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടിയ മിന്നുന്ന വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഇത്തവണയും ഇടതുമുന്നണി. കൊല്ലം കോര്‍പ്പറേഷനില്‍ 55 വാര്‍ഡുകളില്‍ 39ഉം പിടിച്ച എല്‍ഡിഎഫാണ് ഭരണത്തില്‍. യുഡിഎഫിന് ഒമ്പത് വാര്‍ഡുകളില്‍ മാത്രമാണ് ജയിക്കാനായത്. എൻഡിഎ ആറിടത്തും വിജയിച്ചു. ജില്ലാ പഞ്ചായത്തില്‍ ആകെയുള്ള 26ല്‍ 23 സീറ്റും എല്‍ഡിഎഫിനാണ്. മൂന്ന് പ്രതിനിധികള്‍ മാത്രമാണ് യുഡിഎഫിനുള്ളത്. നാല് മുനിസിപ്പാലിറ്റികളില്‍ മൂന്നിടത്ത് എല്‍ഡിഎഫും ഒരിടത്ത് യുഡിഎഫും ഭരിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ പത്തിടത്ത് എല്‍ഡിഎഫ് ജയിച്ചപ്പോള്‍ യുഡിഎഫിന് ജയിക്കാനായത് ഒരിടത്ത് മാത്രമാണ്. ജില്ലയില്‍ ആകെയുള്ള 68 പഞ്ചായത്തുകളില്‍ 44 പഞ്ചായത്തുകള്‍ എല്‍ഡിഎഫും 22 പഞ്ചായത്തുകള്‍ യുഡിഎഫും ഭരിക്കുന്നു. രണ്ട് പഞ്ചായത്തുകളില്‍ ഭരണം എൻഡിഎയുടെ പക്കലാണ്.

ഇത്തവണ കാര്യങ്ങൾക്ക് മാറ്റമുണ്ടാകുമെന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്. സ്ഥാനാർഥി നിർണയം മുതല്‍ യുഡിഎഫ് കരുതലോടെയാണ് നീങ്ങിയത്. നിലവിലുള്ള എല്ലാ സീറ്റും നിലനിർത്തി കൊല്ലത്തെ ചെങ്കോട്ടയായി നിലനിര്‍ത്താൻ എല്‍ഡിഎഫും സാന്നിധ്യമറിയിക്കാൻ എൻഡിഎയും പഴയ പ്രതാപം തിരിച്ചുപിടിക്കാൻ യുഡിഎഫും കളത്തിലിറങ്ങുമ്പോള്‍ പോരാട്ടം കനക്കുമെന്നുറപ്പാണ്.

ക​ഴി​ഞ്ഞ ത​വ​ണ ബി​ജെ​പി ര​ണ്ടാ​മ​ത്​ വ​ന്ന ചാ​ത്ത​ന്നൂ​രി​ൽ സിപി​ഐ ജി.​എ​സ്. ജ​യ​ലാ​ലിനെയാണ് മൂ​ന്നാ​മ​തും മ​ത്സ​രി​പ്പിക്കുന്നത്. മു​ൻ കൊ​ല്ലം എം.​പി എ​ൻ. പീ​താം​ബ​ര​ക്കു​റു​പ്പാ​ണ്​ കോ​ൺ​ഗ്ര​സ്​ സ്ഥാ​നാ​ർ​ഥി. കഴിഞ്ഞ തവണ ബിജെപിയെ രണ്ടാമതെത്തിച്ച ബി.​ബി. ഗോ​പ​കു​മാര്‍ ​വീ​ണ്ടും രം​ഗ​ത്തു​ണ്ട്. ഇ​ര​വി​പു​ര​ത്ത്​ സിപിഎമ്മിന്‍റെ സി​റ്റി​ങ്​ എംഎ​ൽ​എ എം. ​നൗ​ഷാ​ദി​നെതിരെ ഇത്തവണയും യുഡിഎഫില്‍ നിന്ന് ആ​ർ.​എ​സ്.​പി​യാണ് മത്സരിക്കുന്നത്. മൂന്ന് തവണ കൊല്ലം എംഎല്‍എ ആയിരുന്ന ബാ​ബു ദി​വാ​ക​ര​നാണ് സ്ഥാനാര്‍ഥി. എൻഡിഎയില്‍ ബിഡിജെഎസിന് കിട്ടിയ സീറ്റില്‍ ര​ഞ്​​ജി​ത്​ ര​വീ​ന്ദ്രനാണ് സ്ഥാനാര്‍ഥി. കൊല്ലത്തും സിറ്റിങ് എംഎല്‍എ എം മുകേഷ് ആണ് ഇടതുപക്ഷത്തിനായി രംഗത്തുള്ളത്. ഡിസി​സി പ്ര​സി​ഡ​ന്‍റ്​ ബി​ന്ദു കൃ​ഷ്​​ണ​യാണ് മുഖ്യ​ എ​തി​രാ​ളി. എൻഡിഎയില്‍ നിന്ന് എം. ​സു​നി​ലാ​ണ്​ മത്സരിക്കുന്നത്. അന്തരിച്ച ചവറ എംഎല്‍എ എൻ. വിജയൻപിള്ളയുടെ പിൻഗാമിയായി എത്തുന്നത് മകൻ സുജിത്താണ്. എല്‍ഡിഎഫ് സ്വതന്ത്രനായാണ് സുജിത് മത്സരിക്കുന്നത്. ആര്‍എസ്‌പിയുടെ ഷി​ബു ബേ​ബി​ജോ​ൺ വീണ്ടും യുഡിഎഫിനായി കളത്തിലുണ്ട്. സീരിയല്‍ - സിനിമ താരം വി​വേ​ക്​ ഗോ​പ​നാണ് എൻഡിഎ സ്ഥാ​നാ​ർ​ഥി. സിപിഐ ദേ​ശീ​യ കൗ​ൺ​സി​ൽ അം​ഗം ജെ. ചി​ഞ്ചു​റാ​ണി​യാണ് ചടയമംഗലത്തെ ഇടതു സ്ഥാനാര്‍ഥി. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എം. ന​സീ​ര്‍ യുഡിഎഫിനായി ജനവിധി തേടുന്നു. വി​ഷ്​​ണു പ​ട്ട​ത്താ​നമാണ് എൻഡിഎ സ്ഥാ​നാ​ർ​ഥി. മ​ന്ത്രി ജെ. ​മേ​ഴ്​​സി​ക്കു​ട്ടി​യ​മ്മയെ കുണ്ടറയില്‍ നേരിടാൻ യുഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്​ പി.​സി. വി​ഷ്​​ണു​നാ​ഥിനെയാണ്. എ​ൻ​ഡി​എ​ക്കു​വേ​ണ്ടി ബി​ഡി​ജെ​എ​സി​ലെ വ​ന​ജ വി​ദ്യാ​ധ​ര​ൻ മ​ത്സ​രി​ക്കു​ന്നു.

കു​ന്ന​ത്തൂ​രി​ൽ ആര്‍എസ്‌പി പക്ഷങ്ങളാണ് മത്സരിക്കുന്നത്. ലെനിനിസ്റ്റ് പക്ഷത്തുള്ള കോ​വൂ​ർ കു​ഞ്ഞു​മോ​ൻ വീണ്ടും എല്‍ഡിഎഫിന് വേണ്ടി ജനവിധി തേടുമ്പോള്‍ ആ​ർ.​എസ്.പി സ്ഥാ​നാ​ർ​ഥി ഉ​ല്ലാ​സ്​ കോ​വൂ​രാണ് യുഡിഎഫിന് വേണ്ടി മത്സര രംഗത്തുള്ളത്. രാ​ജി പ്ര​സാ​ദാ​ണ്​ എൻഡിഎ സ്ഥാ​നാ​ർ​ഥി. ക​രുനാ​ഗ​പ്പ​ള്ളി​യില്‍ 2016 തെരഞ്ഞെടുപ്പിന്‍റെ ആവര്‍ത്തനമാണ്. സി​റ്റി​ങ്​ എം​എ​ൽ​എ ആ​ർ. രാ​മ​ച​ന്ദ്ര​നെ കെ​പിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ആ​ർ. മ​ഹേ​ഷ് നേ​രി​ടു​ന്നു. ബെ​റ്റി സുധീ​റാ​ണ്​ ബി​ജെ​പിക്ക് വേണ്ടി ജനവിധി തേടുന്നത്. കൊ​ട്ടാ​ര​ക്ക​ര​യി​ൽ കെ.​എ​ൻ. ബാ​ല​ഗോ​പാലിനെയാണ് എല്‍ഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. ആ​ർ. ര​ശ്​​മി​യാ​ണ്​ കോ​ൺ​ഗ്ര​സ്​ സ്ഥാ​നാ​ർ​ഥി. വ​യ​ക്ക​ൽ സോ​മ​ൻ എൻഡിഎയ്‌ക്ക് വേണ്ടി മത്സരിക്കുന്നു. പ​ത്ത​നാ​പു​ര​ത്ത്​ ഇത്തവണയും കെ.​ബി. ഗ​ണേ​ഷ്​ കു​മാ​റാണ് ഇടത് സ്ഥാനാര്‍ഥി. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ്യോ​തി​കു​മാ​ർ ചാ​മ​ക്കാ​ല​യാ​ണ്​ യുഡിഎഫ് സ്ഥാനാര്‍ഥി. ജി​തി​ൻ ദേ​വ് എൻഡിഎയ്‌ക്ക് വേണ്ടി മത്സരിക്കുന്നു. പു​ന​ലൂ​രി​ൽ മു​ൻ എം.​എ​ൽ.​എ പി.​എ​സ്. സു​പാ​ലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മു​സ്‌​ലിം​ലീ​ഗ്​ സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്​​ദു​റ​ഹ്​​മാ​ൻ ര​ണ്ട​ത്താ​ണി​യാ​ണ്​ ​യു.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി. ആ​യൂ​ർ മു​ര​ളി എൻഡിഎയ്‌ക്കായി രം​ഗ​ത്തു​ണ്ട്.

മത്സ്യത്തൊഴിലാളികളും കശുവണ്ടി തൊഴിലാളികളും മിക്ക മണ്ഡലങ്ങളുടേയും വിധി നിർണയിക്കും. ആഴക്കടല്‍ മത്സ്യബന്ധന വിവാദം ഇരവിപുരം, കൊല്ലം, ചവറ, കരുനാഗപ്പള്ളി മണ്ഡലങ്ങളില്‍ കാര്യമായി ചര്‍ച്ചയാകുന്നുണ്ട്. കുണ്ടറ, കുന്നത്തൂർ മണ്ഡലങ്ങളിലെ പ്രശ്‌നം കശുവണ്ടി മേഖലയുമായി ബന്ധപ്പെട്ടാണ്. പുനലൂർ, ചടയമംഗലം, പത്തനാപുരം മണ്ഡലങ്ങളില്‍ കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കൊപ്പം പ്രാദേശിക പ്രശ്നങ്ങളും ചർച്ചയാകും. കൊട്ടാരക്കരയില്‍ മൂന്ന് തവണ മത്സരിച്ച് ജയിച്ച അയിഷാ പോറ്റിക്ക് പകരം കെഎൻ ബാലഗോപാല്‍ സ്ഥാനാർഥിയായതും ചടയമംഗലത്ത് ജെ ചിഞ്ചുറാണിയുടെ സ്ഥാനാർഥിത്വത്തിന് എതിരെ സിപിഐയില്‍ ഉയർന്ന വിവാദങ്ങളും തെരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന് മെയ് രണ്ടിന് അറിയാം.

ABOUT THE AUTHOR

...view details