കൊല്ലം: കൈകളിൽ ജീവനേന്തി പതിറ്റാണ്ടുകളായി പോരാടുകയാണ് കൊല്ലം ജില്ലയിലെ ചിറ്റൂർ എന്ന ഗ്രാമം. ലോകത്താദ്യമായാകും ജനിച്ചു വളർന്ന മണ്ണ് ഏറ്റെടുക്കാൻ ഒരു ജനത സമരം നടത്തുന്നത്. വരും തലമുറയ്ക്ക് ദുരിതമില്ലാത്ത ജീവിതമാണ് ഈ ജനതയുടെ സ്വപ്‌നം.
പോരാട്ടത്തിന് പതിറ്റാണ്ടുകൾ പഴക്കം; ആസിഡ് ജലം കുടിച്ച് ചിറ്റൂർ ധാതുമണൽ വേർതിരിക്കാൻ കെ.എം.എം.എൽ എന്ന സർക്കാർ പൊതുമേഖല സ്ഥാപനം ഉപയോഗിക്കുന്ന ആസിഡ് ടാങ്ക് ചോർന്നതാണ് ചിറ്റൂരിൽ പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. ടാങ്ക് ചോർന്ന് ആസിഡ് പുറത്തേയ്ക്ക് ഒഴുകാൻ തുടങ്ങി. പതിയെ കിണറുകളിലേക്കും തോടുകളിലേക്കും ആസിഡ് ജലം ഒഴുകിയെത്തി. ഇതോടെ ഭൂഗർഭ ജലത്തിൽ ആസിഡ് കലർന്ന് നാട്ടുകാരുടെ കുടിവെള്ളം മുട്ടി.
നാട്ടിൽ മാരകമായ അലർജി രോഗങ്ങളും അർബുദവും പടർന്ന് പിടിക്കാൻ തുടങ്ങി. പന്മന പഞ്ചായത്തിലെ ചിറ്റൂർ, കളരി, പൊന്മന, പന്മന വാർഡുകളിലാണ് ദുരിതങ്ങൾ ഏറെയും. വയലേലകളിൽ ഞാറ്റുപാട്ട് പാടിയ ഒരു കാലമുണ്ടായിരുന്നു ചിറ്റൂരിന്. ഇവിടെയെല്ലാം ഇന്ന് ചുവന്ന മണ്ണായി കഴിഞ്ഞു.
ദുരിതം ബാധിച്ച ഭൂമി ഏറ്റെടുക്കാൻ ആവശ്യപ്പെട്ട് സംയുക്ത സമര സമിതി 166 ദിവസമാണ് സമര രംഗത്ത് ഇറങ്ങിയത്. ഒടുവിൽ ഭൂമി ഏറ്റെടുക്കാൻ തീരുമാനമായി. അപ്പോഴും ചുവപ്പു നാടയിൽ കുരുങ്ങി നടപടികൾ ഇഴയുകയാണ്. ഇന്നും നീതി കാത്ത് കിടക്കുകയാണ് ചിറ്റൂർ ജനതയുടെ വർഷങ്ങൾ നീണ്ട പോരാട്ടം.