കൊല്ലം:ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ നിഗൂഡതകൾ ഒളിപ്പിച്ച് മുഖ്യപ്രതിയായ ചാത്തന്നൂർ സ്വദേശി പത്മകുമാറിന്‍റെ ചിറക്കര പോളച്ചിറയിലുള്ള ഫാം ഹൗസ്. കുട്ടിയെ തട്ടിക്കൊണ്ട് പോയി പാർപ്പിച്ചത് ഈ ഫാം ഹൗസിലായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ നിന്ന് പ്രതികൾ കുറ്റകൃത്യം ചെയ്യാനുപയോഗിച്ച കാറിൽ ഘടിപ്പിച്ച വ്യാജ നമ്പർ പ്ലേറ്റുകൾ പൊലീസ് കണ്ടെടുത്തിരുന്നു.
പത്മകുമാറിന്‍റെ വീട്ടിൽ നിന്ന് എകദേശം 4 കിലോമീറ്റർ അകലെയാണ് ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത്. പത്ത് വർഷത്തോളമായി പത്മകുമാറിന് ഫാം ഹൗസുണ്ട്. കാടുമൂടി കിടക്കുന്ന വിജനമായ പ്രദേശത്താണ് ഫാം ഹൗസ് സഥിതി ചെയ്യുന്നത്.
സമീപത്ത് താമസിക്കുന്ന ഒരു സ്ത്രീയാണ് ഫാംഹൗസ് നോക്കുന്നത്. നായ്ക്കളെ വളർത്തിയിരുന്ന പത്മകുമാർ മൂന്ന് ദിവസം മുൻപ് വീട്ടിലെ നായ്ക്കളെ മുഴുവൻ ഫാമിലെത്തിച്ചിരുന്നു. കൂടാതെ പശുക്കളും ഫാമിലുണ്ട്.
എല്ലാ ദിവസവും രാവിലെയും വൈകിട്ടും പത്മകുമാർ ഫാമിലെത്താറുണ്ടായിരുന്നു. അവസാനമായി പത്മകുമാറും ഭാര്യയും മകളും കൂടിയാണ് ഫാമിലെത്തിയത്. മാത്രമല്ല ഇവർ കാറിലായിരുന്നില്ല എത്തിയത് എന്നും നാട്ടുകാരിൽ ചിലർ പറയുന്നു.
പ്രതിയായ പത്മകുമാറിനെ കുട്ടി ഇന്നലെ തിരിച്ചറിഞ്ഞിരുന്നു (kollam child abduction case). കുട്ടിയുടെ പിതാവ് റെജിയോടുള്ള മുൻവൈരാഗ്യമാണ് കൃത്യത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി (Oyoor girl missing case accused accepted the crime). കുടുംബത്തെ ഭയപ്പെടുത്താൻ വേണ്ടി മാത്രമാണ് ഇത് ചെയ്‌തതെന്നും പത്മകുമാർ പൊലീസിനോട് പറഞ്ഞു.