കൊല്ലം:കൊല്ലത്ത് ബൈക്ക് യാത്രികരായ ദമ്പതികളെ അടിച്ചുവീഴ്ത്തി മാല കവര്‍ന്ന സംഭവം പരാതിക്കാരിയുടെ അമ്മയുടെ ക്വട്ടേഷനെന്ന് പൊലീസ്. യുവതിയുടെ അമ്മ എഴുകോണ്‍ കാക്കക്കോട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന കേരളപുരം കല്ലൂര്‍വിള നെജിയെ (48) എഴുകോണ്‍ പൊലീസ് വര്‍ക്കലയില്‍ നിന്ന് പിടികൂടി. കഴിഞ്ഞ മാസം 24ന് രാത്രിയിലായിരുന്നു സംഭവം.
ബൈക്ക് യാത്രികരുടെ മാല കവര്‍ന്ന സംഭവം; പരാതിക്കാരിയുടെ അമ്മയുടെ ക്വട്ടേഷനെന്ന് പൊലീസ് - ബൈക്ക് യാത്രികരുടെ മാല കവര്‍ന്ന സംഭവം
പ്രതി കേരളപുരം കല്ലൂർവിള നെജിയെ എഴുകോൺ പൊലീസ് വർക്കലയിൽ നിന്ന് പിടികൂടി.
നെജിയുടെ മൂത്ത മകള്‍ കൊട്ടാരക്കര പുലമണ്‍ ജംക്ഷനില്‍ വാടകയ്ക്ക് താമസിക്കുന്ന അഖിനയും ഭര്‍ത്താവ് ജോബിനും കാക്കക്കോട്ടൂരിലെ നെജിയുടെ വീട്ടിലേക്ക് വരവേ ഇവരെ സ്‌കൂട്ടറിലെത്തിയ മൂന്നംഗ സംഘം ആക്രമിക്കുകയും മാല പൊട്ടിച്ചു കടന്നു കളയുകയുമായിരുന്നു. ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് കൊല്ലം മങ്ങാട് അറുനൂറ്റിമംഗലം ഷാര്‍ജ മന്‍സിലില്‍ ചിപ്പിയെന്ന് വിളിക്കുന്ന ഷബിന്‍ഷ 29, വികാസ് ഭവനില്‍ വികാസ് (34), കരിക്കോട് മുതിരവിള വീട്ടില്‍ കിരണ്‍ (31) എന്നിവരെ ഈ മാസം ആറിന് പൊലീസ് പിടികൂടിയപ്പോഴാണ് നെജിയുടെ പങ്ക് വെളിപ്പെട്ടത്.
പ്രതികള്‍ പിടിയിലായ ശേഷം വീടുവിട്ട നെജി ഇളയ മകളുമൊത്ത് പല ഭാഗങ്ങളിലായി മാറി താമസിക്കുകയായിരുന്നു. മരുമകന്‍ പറഞ്ഞാല്‍ അനുസരിക്കാറില്ലെന്നും ഉപദ്രവിക്കുമായിരുന്നു എന്നും നെജി പൊലീസിനോട് പറഞ്ഞു. ഇതിന്‍ മനംനൊന്താണ് 10,000 രൂപയ്ക്ക് ഷെബിന്‍ഷായ്ക്ക് ക്വട്ടേഷന്‍ നല്‍കിയതെന്നും നെജി പറഞ്ഞു. നെജിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.