കൊല്ലം: കശുവണ്ടി വിദഗ്‌ധസമിതി ഒരാഴ്‌ചക്കുള്ളിൽ രൂപീകരിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കൊല്ലത്ത് കശുവണ്ടി കയറ്റുമതിക്കാർ , സ്വകാര്യ കമ്പനി പ്രതിനിധികൾ, വിവിധ തൊഴിലാളി യൂണിയൻ പ്രതിനിധികൾ എന്നിവരുമായി നടത്തിയ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഐ.ഐ.എം ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്നും വിദഗ്ധർ അടങ്ങിയ അഞ്ചംഗ സമിതി രൂപീകരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഒരാഴ്‌ചയ്ക്കുള്ളിൽ പുറത്തിറക്കുമെന്ന് മന്ത്രി പറഞ്ഞു. കശുവണ്ടി വ്യവസായികളുടെയും തൊഴിലാളികളുടെയും പ്രശ്‌നങ്ങൾ പരിശോധിച്ച് മേഖലയിലെ വികസനവും പരിഷ്‌ക്കാരങ്ങളും സംബന്ധിച്ച് പഠിക്കുന്നതിന് സമിതിയെ ചുമതലപ്പെടുത്തും. കശുവണ്ടി മേഖലയുടെ സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
മൂന്നുമാസത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിക്കും. ആധുനിക യന്ത്രവൽക്കരണം, ഗുണനിലവാരം ഉറപ്പാക്കൽ, തൊഴിലാളികളുടെ ബോണസ്, പി.എഫ്, ഇതര പ്രശ്‌നങ്ങൾ തുടങ്ങിയവ വിശദമായി പഠിച്ചതിന് ശേഷം കർമ്മപദ്ധതി ആവിഷ്‌ക്കരിക്കും. സർക്കാരും കശുവണ്ടി മേഖലയിലെ ഉടമകളും തൊഴിലാളികളും ഒന്നിച്ചു നിന്നാൽ മാത്രമേ നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ കഴിയുകയുള്ളൂ. ഇതിന് ആധുനികവത്കരണം അനിവാര്യമാണെന്നും വ്യവസായ മന്ത്രി വ്യക്തമാക്കി.