കൊല്ലം ആശ്രാമം മൈതാനം ഇപ്പോൾ പക്ഷികളുടേയും ചെറുജീവികളുടേയും സ്വപ്ന ഭൂമിയാണ്. കൊല്ലം നഗരത്തിന്‍റെ ഹരിത കവചം എന്നറിയപ്പെട്ടിരുന്ന ആശ്രാമം മൈതാനം എന്നും ആൾത്തിരക്കിന്‍റെ കേന്ദ്രമായിരുന്നു. ലോക്ക് കൗൺ പ്രഖ്യാപിച്ചതോടെ മൈതാനവും ചുറ്റുമുള്ള പ്രദേശങ്ങളും ആളൊഴിഞ്ഞു. രാവിലെയും വൈകിട്ടും വ്യായാമത്തിനും സൊറപറയാനും എത്തിയിരുന്നവർ ലോക്ക് ഡൗണായതോടെ വീട്ടിലിരുന്നു. നഗര തിരക്കിലെ ബഹളങ്ങളിൽ നിന്ന് രക്ഷ നേടി എത്തിയിരുന്നവരും ഡ്രൈവിങ് പരിശീലനം നടത്തിയിരുന്നവരും മൈതാനത്തെ മറന്നു. മൈതാനത്തിന്‍റെ പ്രകൃതി കൂടുതൽ ഭംഗിയുള്ളതായിരിക്കുന്നു. പൂത്തുനില്‍ക്കുന്ന വാകമരങ്ങൾ, വാഹനങ്ങളുടെ പുകശല്യമില്ലാത്ത അന്തരീക്ഷം, ആൾത്തിരക്ക് ഒഴിഞ്ഞ സഞ്ചാര പാത, ഒഴിഞ്ഞു കിടക്കുന്ന ഇരിപ്പിടങ്ങൾ, സർവ സ്വാതന്ത്ര്യത്തോടെ ലോക് ഡൗൺ ആഘോഷിച്ചു നടക്കുന്ന കിളികളും നായകളും.
കൊവിഡ് കാലം വിശ്രമ കാലം: മനോഹരിയായി ആശ്രാമം മൈതാനം - ലോക്ക് ഡൗണിനെ തുടർന്ന് ആശ്രാമം അടച്ചു
കൊല്ലം നഗരത്തിന്‍റെ ഹരിത കവചം എന്നറിയപ്പെടുന്ന ആശ്രാമം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ആളൊഴിഞ്ഞ പ്രദേശമായി മാറി.
ആശ്രാമത്ത് എത്തിയാൽ "കല്ലു സോഡ" കുടിക്കാത്തവർ ചുരുക്കമാണ്. "ഗോലി സോഡ പൊട്ടിക്കുന്ന ഒച്ചയൊക്കെ നിലച്ചിട്ട് നാളേറെയായി. ഇടയ്ക്ക് വന്ന് കട വൃത്തിയാക്കി മടങ്ങും. ആദ്യമായാണ് ഇങ്ങനെ ഒരു അടച്ചിടൽ. ഒരുപാട് കച്ചോടം നടക്കുന്ന സമയമായിരുന്നു". കല്ലു സോഡാ കടയിലെ ഹരീഷേട്ടൻ പറയുന്നു.
ലോക്ക് ഡൗൺ രണ്ടാഴ്ച കൂടി നീട്ടിയതോടെ ആശ്രമത്തെ ഇപ്പോഴത്തെ കാഴ്ചകൾക്ക് വലിയ മാറ്റം ഉണ്ടാകാൻ ഇടയില്ല. ഈ കാലവും അതിജീവിച്ച് മനുഷ്യൻ പുറത്തിറങ്ങുമ്പോൾ പ്രകൃതി കൂടുതല്‍ മനോഹരിയാകുമെന്ന് പ്രതീക്ഷിക്കാം.