കൊല്ലം: പ്രസിഡന്‍റ്‌സ് ട്രോഫി ജലോത്സവത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നാടും നഗരവും ആവേശത്തില്‍. വിദേശികളടക്കം പങ്കെടുക്കുന്ന വള്ളംകളിയുടെ പ്രാധാന്യം കണക്കിലെടുത്ത് അഷ്‌ടമുടി കായലിന്‍റെ തീരം ശുചീകരിച്ചു. നവംബര്‍ ഇരുപത്തിമൂന്നിന് നടക്കുന്ന ജലോത്സവത്തിന്റെ വിളംബരമായി വഞ്ചിവള്ളങ്ങളുടെ ഘോഷയാത്രയും നടത്തി. കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം എം.നൗഷാദ് എംഎല്‍എയാണ് ഇരുപരിപാടികളും ഉദ്ഘാടനം ചെയ്തത്. ശുചീകരണ യജ്ഞത്തിലും അദ്ദേഹം പങ്കാളിയായി.
പ്രസിഡന്‍റ്‌സ് ട്രോഫി ജലോത്സവത്തിന് വിളംബരമോതി വഞ്ചിവള്ള ഘോഷയാത്ര - അഷ്‌ടമുടി കായല്‍
നവംബര്‍ ഇരുപത്തിമൂന്നിന് നടക്കുന്ന പ്രസിഡന്‍റ്‌സ് ട്രോഫി ജലോത്സവത്തിന് ആവേശം പകര്‍ന്ന് അഷ്‌ടമുടി കായലില്‍ വഞ്ചിവള്ള ഘോഷയാത്ര നടത്തി.
കായല്‍തീരത്തെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്‌തു. ബോട്ട് ജെട്ടി മുതല്‍ ലിങ്ക് റോഡ് വരെ ശുചീകരണം നീണ്ടു. വള്ളംകളിയുടെ ഭാഗമായി ആദ്യമായി സംഘടിപ്പിച്ച വഞ്ചിവള്ള ഘോഷയാത്ര കാണാന്‍ ഇരുകരകളിലും നിരവധിപേര്‍ ഒത്തുകൂടി. പ്രസിഡന്‍റ്‌സ് ട്രോഫി പവലിയന്‍ മുതല്‍ തേവള്ളി കടവ് വരെയായിരുന്നു ഘോഷയാത്ര. ഉദ്ഘാടന ചടങ്ങില്‍ ഡിടിപിസി സെക്രട്ടറി സി.സന്തോഷ്, സംഘാടക സമിതി അംഗങ്ങൾ, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, ഹൗസ്‌ബോട്ട് ഉടമകളുടെ സംഘടനാ ഭാരവാഹികള്‍, നാഷണല്‍ സര്‍വീസ് സ്‌കീം അംഗങ്ങള്‍, ജില്ലാ ശുചിത്വ മിഷന്‍, ഹരിത കേരള മിഷന്‍ എന്നിവയിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.