കൊല്ലം: അഞ്ചലിൽ ഭർത്താവ് കൊലപ്പെടുത്തിയ ഉത്രയുടെ മകനേയും പ്രതി സൂരജിന്‍റെ അമ്മയെയും കാണാനില്ലെന്ന് പൊലീസ്. ഉത്രയുടെ മാതാപിതാക്കൾക്ക് കുട്ടിയെ വിട്ടുകൊടുക്കണമെന്ന ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉത്തരവിന് പിന്നാലെയാണ് ഇരുവരേയും കാണാതാവുന്നത്. അഞ്ചൽ പൊലീസും ഉത്രയുടെ അച്ഛനും അടൂർ പൊലീസിന്‍റെ സഹായത്തോടെ കുട്ടിയെ കൂട്ടിക്കൊണ്ടു വരാൻ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. ഇവർ പോകാൻ ഇടയുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
അഞ്ചൽ കൊലപാതകം; ഉത്രയുടെ മകനെയും സൂരജിന്‍റെ അമ്മയെയും കാണാനില്ല - ഉത്രയുടെ മകനെ കാണാനില്ല
ഉത്രയുടെ മാതാപിതാക്കൾക്ക് കുട്ടിയെ വിട്ടുകൊടുക്കണമെന്ന ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഉത്തരവിന് പിന്നാലെയാണ് ഇരുവരേയും കാണാതാവുന്നത്
നാടിനെ നടുക്കിയ കൊലപാതകത്തിൽ ഒന്നാം പ്രതി സൂരജിനെയും സഹായിയും പാമ്പു പിടിത്തക്കാരൻ സുരേഷിനെയും കോടതി നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. കൊലപാതകം, കൊലപാതക ശ്രമം, കൊലപാതക പ്രേരണ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നടപടി.
കഴിഞ്ഞ ഏഴിനാണ് ഉത്രയെ ഏറത്തെ വീട്ടിലെ കിടപ്പുമുറിയിൽ പാമ്പുകടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാം തവണയും പാമ്പു കടിയേറ്റതും സൂരജിന്‍റെ പെരുമാറ്റത്തിലെ അസ്വഭാവികതയും ചൂണ്ടിക്കാട്ടി ഉത്രയുടെ കുടുംബം നല്‍കിയ പരാതിയിലാണ് സൂരജിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. സ്വത്ത് സ്വന്തമാക്കി മറ്റൊരു വിവാഹം കഴിക്കാമെന്ന കണക്കുകൂട്ടലാണ് കൊലപാതകത്തില്‍ കലാശിച്ചത്.