കൊല്ലം:ഗണേഷ് കുമാർ എം.എൽ.എക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തടങ്കലിൽ വെച്ച് സംഭവത്തിൽ വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ് എംപി. ജനപ്രതിനിധികളെ അംഗീകരിക്കാൻ ഗണേഷ് കുമാർ തയ്യാറാകണമെന്ന് കൊടികുന്നിൽ സുരേഷ് പറഞ്ഞു. കൊട്ടാരക്കരയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിയിൽ മുഖ്യ അതിഥിയായി ഗണേഷ് കുമാർ പങ്കെടുക്കുമെന്ന് അറിയിച്ചതോടെ കരിങ്കൊടി കാണിക്കാനെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ്: ഗണേഷ് കുമാർ എംഎല്‍എയ്ക്ക് എതിരെ കൊടിക്കുന്നില്‍ സുരേഷ് എംപി - ഗണേഷ് കുമാർ
മുൻ മന്ത്രി ആർ ബാലകൃഷ്ണപിള്ളക്കെതിരെയും ഗണേഷ് കുമാർ എം.എൽ.എയെ കുറിച്ചും ഗുരുതര ആരോപണങ്ങളാണ് എം.പി ഉന്നയിച്ചത്.
കരുതൽ തടങ്കലിൽ വെച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം കൊക്കാട് കേരളാ കോൺഗ്രസ് ബിയും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. മുൻ മന്ത്രി ആർ ബാലകൃഷ്ണപിള്ളക്കെതിരെയും ഗണേഷ് കുമാർ എം.എൽ.എയെ കുറിച്ചും ഗുരുതര ആരോപണങ്ങളാണ് എം.പി ഉന്നയിച്ചത്. വലിയ മാടമ്പിയായിരുന്ന ആർ ബാലകൃഷ്ണപിള്ള ഭരണം ഉപയോഗിച്ചും സ്വാധീനം ഉപയോഗിച്ചും എത്ര ആളുകളുടെ ഭാവിയാണ് നശിപ്പിച്ചതെന്നും വീണ്ടും മന്ത്രിയാകാൻ കഴിയാതെ വന്നത് ഗണേഷ് കുമാർ എം.എൽ.എ ഓർക്കണമെന്നും കൊടികുന്നിൽ സുരേഷ് എം.പി പറഞ്ഞു. ഗണേഷ് കുമാർ ജനങ്ങളുടെ ദാസൻ ആകാതെ യജമാനനാകാൻ ശ്രമിക്കുന്നതായി കൊടിക്കുന്നില്‍ കുറ്റപ്പെടുത്തി.
ഗണേഷ് കുമാർ വേദി പങ്കിട്ട് പോയ ശേഷമാണ് കരുതൽ തടങ്കലിൽ വച്ചിരുന്ന യുത്ത് കോൺഗ്രസ് പ്രവർത്തകരെ എം.പി ഇടപെട്ട് മോചിപ്പിച്ചത്. കഴിഞ്ഞ ദിവസം വെട്ടിക്കവലയിൽ ഉണ്ടായ രാഷ്ട്രീയ സംഘർഷത്തിന്‍റെ തുടർച്ചയായി യുഡിഎഫ്, സിപിഎം പാർട്ടി ഓഫീസുകൾക്ക് നേരെയും ആക്രമണം ഉണ്ടായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലിസ് സംഘമാണ് ക്യാമ്പ് ചെയ്യുന്നത്.