കൊല്ലം:കൊവിഡ് രണ്ടാംതരംഗത്തിന്‍റെ പിടിയിലായ സംസ്ഥാനങ്ങൾ ഗുരുതര ഓക്‌സിജൻ ക്ഷാമം നേരിടുമ്പോൾ സംസ്ഥാനത്തിന്‍റെ നില ഭദ്രം. പൊതുമേഖല സ്ഥാപനമായ ചവറ കെഎംഎംഎൽ ആരോഗ്യമേഖലയ്ക്ക് നൽകിയത് 981.84 ടൺ ഓക്‌സിജൻ. ദിനംപ്രതി ആറ് ടൺ വീതം ദ്രവീകൃത ഓക്‌സിജനാണ് മെഡിക്കൽ ആവശ്യങ്ങൾക്കായി ഇവിടെ നിന്ന് വിതരണംചെയ്യുന്നത്.
ആറ് മുതൽ ഏഴ് ടൺ വരെയാണ് പ്രതിദിന ഉത്പാദനം. പെസോ (പെട്രോളിയം ആൻഡ് എക്‌സ്‌പ്ലോസീവ് സേഫ്‌റ്റി ഓർഗനൈസേഷൻ)യുടെ നിർദേശാനുസരണം തിരുവല്ലയിലെ ഓസോൺഗ്യാസ്, കൊച്ചിയിലെ മനോരമ ഗ്യാസ്, കോഴിക്കോട്ടെ ഗോവിന്ദ്ഗ്യാസ് എന്നീ മൂന്ന് ഏജൻസികൾക്കാണ് മെഡിക്കൽ ആവശ്യത്തിനായി ദ്രവീകൃത ഓക്‌സിജൻ നൽകുന്നത്.
നൂതന സാങ്കേതികവിദ്യയിൽ ഊർജക്ഷമത കൂടിയ 70 ടൺ ഉത്പാദന ശേഷിയുള്ള ഓക്‌സിജൻ പ്ലാന്‍റ് 2020 ഒക്ടോബർ 10ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. 50 കോടി രൂപ ചെലവിലാണ് പദ്ധതി പൂർത്തിയാക്കിയത്. പ്രതിദിനം 63 ടൺ വാതക ഓക്സിജൻ കെഎംഎംഎല്ലിന്‍റെ ആവശ്യത്തിനായി വേണം. ഇത് കൂടാതെയാണ് ദ്രവീകൃത ഓക്‌സിജന്‍റെ ഉത്പാദനം.