കൊല്ലം: കെ.എം മാണിയുടെ ഒന്നാം ചരമദിനത്തില്‍ അദ്ദേഹത്തിന്‍റെ സ്മരണാർത്ഥം ജീവകാരുണ്യപ്രവര്‍ത്തനങ്ങളുമായി പ്രവര്‍ത്തകര്‍ പങ്കാളികളായി. ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്താനിരുന്ന അനുസ്മരണ ചടങ്ങുകള്‍ ഒഴിവാക്കിയാണ് പ്രവര്‍ത്തകര്‍ കാരുണ്യദിനമായി ആചരിച്ചത്. രാവിലെ പാലാ സെന്‍റ് തോമസ് കത്തീഡ്രലിലെ കെ.എം മാണിയുടെ കല്ലറയില്‍ ഭാര്യ കുട്ടിയമ്മ, ജോസ് കെ.മാണി എം.പി, നിഷ ജോസ് , കൊച്ചുമക്കളായ പ്രിയങ്ക, റിതിക, കുഞ്ഞുമാണി എന്നിവര്‍ എത്തി പ്രാര്‍ത്ഥന നടത്തി.
കെ. എം മാണിക്ക് കണ്ണീര്‍ പുക്കളര്‍പ്പിച്ച് കുടുംബവും നേതാക്കളും
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്താനിരുന്ന അനുസ്മരണ ചടങ്ങുകള്‍ ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ ഒഴിവാക്കിയാണ് പ്രവര്‍ത്തകര്‍ കാരുണ്യദിനമായി ആചരിച്ചത്
കൊവിഡ് പശ്ചാത്തലത്തില്‍ പ്രവര്‍ത്തകര്‍ പാലായിലേക്ക് എത്തേണ്ട എന്ന നിര്‍ദേശമുണ്ടായിരുന്നിട്ടും പാലായിലെത്തിയ അദ്ദേഹത്തിന്‍റെ അനുയായികളെ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പള്ളിയിലേക്ക് കയറ്റിയത്. തുടര്‍ന്ന് തോമസ് ചാഴികാടന്‍ എം.പി, റോഷി അഗസ്റ്റിന്‍ എംഎല്‍എ, ഡോ.എന്‍.ജയരാജ് എംഎല്‍എ, ജോസഫ് എം.പുതുശ്ശേരി, സ്റ്റീഫന്‍ ജോര്‍ജ്, സണ്ണി തെക്കേടം, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എന്നിവര്‍ പള്ളിയിലും പാലായിലെ കെ.എം മാണിയുടെ ഭവനത്തിലും എത്തി. കേരള കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍രെല്ലാം അവരുടെ ഭവനങ്ങളില്‍ തന്നെ കുടുംബാംഗങ്ങളോടൊപ്പം പ്രാര്‍ത്ഥന നടത്തി. സംസ്ഥാനത്തുടനീളം 500 ലധികം കമ്മ്യൂണിറ്റി കിച്ചനുകളിലെ ഭക്ഷണത്തിനുള്ള സഹായം നല്‍കിയാണ് പാര്‍ട്ടിപ്രവര്‍ത്തകര്‍ സ്മരണാഞ്ജലി ഒരുക്കിയത്. കേരളാ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള സഹകരണസ്ഥാപനങ്ങള്‍ നിരാലംബരായ കിടപ്പുരോഗികള്‍ക്ക് 1000 രൂപയുടെ ധനസഹായവും വിതരണം ചെയ്തു.