കൊല്ലം:കേരളത്തിന്‍റെ അക്ഷര മുത്തശ്ശി ഭാഗീരഥിയമ്മ (107) അന്തരിച്ചു. 106ാം വയസിൽ നാലാം ക്ലാസ് തുല്യതാ പരീക്ഷ പാസായ പ്രാക്കുളം സ്വദേശിനി ഭാഗീരഥിയമ്മ വ്യാഴാഴ്‌ച അര്‍ധരാത്രിയോടെയാണ് മരിച്ചത്. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്നായിരുന്നു മരണം. നാളുകളായി ചികിത്സയിലായിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.
'പ്രായം വെറും സംഖ്യ മാത്രം'
പ്രായത്തെ വെറും സംഖ്യ മാത്രമാക്കിയുള്ള ഭാഗീരഥിയമ്മയുടെ നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി റേഡിയോ പരിപാടിയായ മൻ കി ബാത്തിലെ 62-ാമത്തെ എപ്പിസോഡിൽ അഭിനന്ദിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ നാരീശക്തി പുരസ്‌കാര ജേതാവ് കൂടിയാണ് ഭാഗീരഥിയമ്മ. പരീക്ഷയിലെ വിജയശതമാനവും മോദി എടുത്തുപറഞ്ഞു. ഭാഗീരഥിയമ്മ രാജ്യത്തിന് പ്രചോദനമാണെന്നും പ്രത്യേക സല്യൂട്ടെന്നും പ്രധാനമന്ത്രി പരിപാടിയിൽ പറഞ്ഞിരുന്നു. 275ല്‍ 205 മാര്‍ക്കോടെയായിരുന്നു അക്ഷര മുത്തശ്ശി തുല്യത പരീക്ഷ പാസായത്. കണക്ക് പരീക്ഷയിൽ മുഴുവൻ മാർക്കും മുത്തശ്ശി നേടിയിരുന്നു.