കൊല്ലം: 62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ (62nd State School Kalolsavam) ആൺ-പെൺ മോണോ ആക്‌ട് മത്സരത്തിൽ (Mono act competition) ആശയാവതരണം കൊണ്ടും അഭിനയ മികവ് കൊണ്ടും സദസിൻ്റെ കൈയ്യടി നേടി കലാപ്രതിഭകൾ. ഹൈസ്‌കൂള്‍, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നടന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മോണോ ആക്‌ട് വേദിയിലാണ് കൗമാര പ്രതിഭകൾ തകർത്തഭിനയിച്ചത്. വിവിധ ആശയ അവതരണങ്ങൾ കൊണ്ട് വ്യത്യസ്‌തമായിരുന്നു മോണോ ആക്‌ട് വേദി.
സമകാലിക സംഭവങ്ങളടക്കമുള്ള സാമൂഹ്യ പ്രശ്‌നങ്ങളെ എടുത്തുകാട്ടുന്ന മികച്ച പ്രകടനങ്ങളുമായാണ് വിദ്യാര്‍ഥികള്‍ എത്തിയത്. വിവിധ ആശയ അവതരണങ്ങൾ കൊണ്ട് മത്സരാര്‍ഥികള്‍ മുഴുവൻ കാണികളുടെയും പ്രശംസ നേടിയെടുത്തു.
ഹൈസ്‌കൂള്‍ വിഭാഗം പെൺകുട്ടികളുടെ മോണോ ആക്‌ട് മത്സരത്തിലാണ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വച്ച് മയക്കുമരുന്നിനടിമപ്പെട്ടയാളിൻ്റെ കത്തിക്കിരയായ യുവഡോക്‌ടർ വന്ദനയുടെ ദാരുണ മരണം സംബന്ധിച്ച വിഷയം ഒരു മത്സരാർഥി അവതരിപ്പിച്ചത്. കൊല്ലം ചടയമംഗലം ഗവൺമെൻ്റ് എം ജി എച്ച് എസ് എസ്സിലെ മാളവിക എസ് ആർ ആണ് ഈ വിഷയം അവതരിപ്പിച്ചത്. തുടർന്ന് ഷബാന ബഷീർ കൊല, മണിപ്പൂർ കലാപം, ഗുസ്‌തി താരങ്ങളുടെയും കർഷകരുടെയും സമരങ്ങൾ കോർത്തിണക്കിയ അവതരണം, കലകൾക്ക് നേരെയുള്ള മതാന്ധത, പ്രകൃതി ചൂഷണം അങ്ങനെ നീണ്ടുപോകുന്നതായിരുന്ന പെൺകുട്ടികളുടെ മോണോ ആക്‌ട് മത്സരം.