കൊല്ലം:ഉത്രാട പാച്ചിലില്‍ തിരക്കിലമർന്ന് നഗരം. കാര്‍ഷിക സമൃദ്ധിയുടെ ഒളി മങ്ങാത്ത ഓര്‍മകളുമായെത്തുന്ന ഓണനാളുകളിലെ സവിശേഷ ദിനമായ ഉത്രാടത്തില്‍ പതിവ് പോലെ നാടും നഗരവും തിരക്കിലമര്‍ന്നു. മാത്രമല്ല, ഓരോ ഉത്രാടനാളും മലയാളിക്ക് സമ്മാനിക്കുന്നത് വ്യത്യസ്‌തമായ ഓണ ഓര്‍മകളും.
കൊവിഡ് തളര്‍ത്തിയ രണ്ട് വര്‍ഷത്തിന് ശേഷം ഓണം അടിച്ചുപൊളിക്കാനൊരുങ്ങുകയാണ് മലയാളികള്‍. ജാതിമതഭേദമന്യേ മലയാളികള്‍ ആഘോഷിക്കുന്ന തിരുവോണത്തിന് ഇനി മണിക്കൂറുകൾ മാത്രമേ ശേഷിക്കുന്നുള്ളു. കാണം വിറ്റും ഓണം ഉണ്ണണം എന്നുള്ള പഴമക്കാരുടെ വാക്ക് അതേപടി പകര്‍ത്തി അതിനെ അന്വര്‍ത്ഥമാക്കുന്ന രീതിയിലാണ് ഉത്രാടപ്പാച്ചില്‍. ഉത്രാട ദിനത്തിലെ ഒന്നാം ഓണത്തിന് കുട്ടികളുടെ ഓണം എന്നും വിളിപ്പേരുണ്ട്. മുതിര്‍ന്നവര്‍ തിരുവോണം കെങ്കേമമാക്കാന്‍ ഓടി നടക്കുമ്പോള്‍ കുട്ടികള്‍ വീട്ടിലിരുന്ന് ഒന്നാം ഓണം ആഘോഷിക്കും.
'നാടും നഗരവും ഉത്രാടപ്പാച്ചിലില്‍'; തിരുവോണത്തിന്‍റെ വരവറിയിച്ച് ഇന്ന് 'കുട്ടികളുടെ ഓണം' തിരുവോണം ആഘോഷിക്കാന്‍ വേണ്ട സാധനങ്ങളെല്ലാം ഉത്രാട ദിനത്തിലാണ് വാങ്ങിക്കുക. കൂടാതെ സദ്യയിലേക്ക് വേണ്ട ചില വിഭവങ്ങളും ഉത്രാടദിനത്തില്‍ രാത്രിയില്‍ തന്നെ തയ്യാറാക്കി വെക്കും. ഉപ്പേരി, പുളി ഇഞ്ചി, വിവിധ തരം അച്ചാറുകള്‍ എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതും ഉത്രാടം ദിനത്തിലാണ്. അത്തം തുടങ്ങി ഒമ്പതാം നാള്‍ വരുന്ന ഉത്രാട രാത്രി വെളുത്ത് കഴിഞ്ഞാല്‍ തിരുവോണത്തെ വരവേല്‍ക്കാന്‍ മലയാളി ഒരുങ്ങും. ഉത്രാട നാളിലാണ് ഏറ്റവും വലിയ പൂക്കളം ഇടേണ്ടത് എന്നാണ് പറയപ്പെടുന്നത്. ഈ പൂക്കളം തിരുവോണ ദിവസം വരെ കാത്തുസൂക്ഷിക്കും.
എന്നാല്‍, ചിലയിടങ്ങളില്‍ തിരുവോണ ദിവസമാണ് വലിയ പൂക്കളമിടുക. ചിങ്ങത്തിലെ അത്തം നാള്‍ മുതല്‍ തിരുവോണം വരെയുള്ള പത്ത് ദിവസങ്ങളിലാണ് അത്തപ്പൂക്കളം ഒരുക്കുക. അത്തം, ചിത്തിര, ചോതി എന്നീ ദിവസങ്ങളില്‍ ചാണകം മെഴുകിയ നിലത്ത് തുമ്പപ്പൂവ് മാത്രമാണ് ഇടേണ്ടത്. പിന്നീടുള്ള ദിവസങ്ങളില്‍ ഇത് വലുതാക്കി ഉത്രാടദിനത്തില്‍ വലിയ പൂക്കളം ഇടും. ജില്ലയിൽ മഴ കൂടി മാറി നിന്നതോടെ ഉത്രാടപ്പാച്ചിലിന്‍റെ വേഗതയും കൂടിയിട്ടുണ്ട്.