സിപിഐയ്ക്ക് വ്യക്തമായ സ്വാധീനമുള്ള മണ്ഡലം. 1987ന് ശേഷം സിപിഐ ഇതര എംഎല്‍എ ജയിച്ചത് ഒരു തവണ മാത്രം. സിപിഐ ആധിപത്യത്തിനിടെ ജെഎസ്എസിന്‍റെ രാജന്‍ബാബു അട്ടിമറി ജയം നേടിയ ചരിത്രവും കരുനാഗപ്പള്ളിയ്ക്കുണ്ട്. 17 വര്‍ഷത്തോളം ആര്‍എസ്‌പി നേതാവ് ബേബി ജോണിന്‍റെ തട്ടകമായിരുന്നു കരുനാഗപ്പള്ളി. 2016ലെ സ്ഥാനാര്‍ഥികള്‍ വീണ്ടും ഏറ്റുമുട്ടുമ്പോള്‍ ജയം ആവര്‍ത്തിക്കുമെന്നാണ് എല്‍ഡിഎഫിന്‍റെ വാദം. സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളും മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളും ഉയര്‍ത്തിയാണ് സിറ്റിങ് എംഎല്‍എ ആര്‍ രാമചന്ദ്രന്‍റെ പ്രചാരണം. കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തില്‍ കൈവിട്ട മണ്ഡലം ഇത്തവണ സ്വന്തമാക്കാനുറച്ചാണ് കെപിസിസി ജനറല്‍ സെക്രട്ടറി സി.ആര്‍ മഹേഷ് മത്സരിക്കുന്നത്. മഹിളമോര്‍ച്ച ജില്ല പ്രസിഡന്‍റ് ബിറ്റി സുധീറാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. 2016ല്‍ വോട്ട് വിഹിതത്തിലുണ്ടായ വളര്‍ച്ചയിലാണ് എന്‍ഡിഎ ക്യാമ്പിന്‍റെ പ്രതീക്ഷ.
മണ്ഡല ചരിത്രം
കരുനാഗപ്പള്ളി നഗരസഭയും ആലപ്പാട്, ക്ലാപ്പന, കുലശേഖരപുരം, ഓച്ചിറ, തഴവ, തൊടിയൂര്‍ ഗ്രാമപഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് മണ്ഡലം. ആകെ 2,13,993 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. അതില്‍ 1,03,926 പേര്‍ പുരുഷന്മാരും 1,10,065 പേര്‍ സ്ത്രീകളും രണ്ടു പേര്‍ ട്രാന്‍സ്‌ജെന്‍ഡറുകളുമാണ്.
മണ്ഡല രാഷ്ട്രീയം
ആദ്യ തെരഞ്ഞെടുപ്പ് നടന്ന 1957ല്‍ കോണ്‍ഗ്രസിന്‍റെ പി കുഞ്ഞുകൃഷ്ണന് ജയം. 1960ല്‍ സിറ്റിങ് എംഎല്‍യ്ക്കെതിരെ സ്വതന്ത്രനായി മത്സരിച്ച ബേബി ജോണ്‍ ജയിച്ചു. 1967ലും ബേബി ജോണ്‍ ജയം തുടര്‍ന്നു. 1970ല്‍ ആര്‍.എസ്.പിയ്ക്കായി മത്സരിച്ച ബേബി ജോണിന് ഹാട്രിക് ജയം. 1977ല്‍ സിപിഐയ്ക്ക് മണ്ഡലത്തില്‍ ആദ്യ ജയം. ബി.എം ഷെരീഫ് 5,484 വോട്ടുകള്‍ക്ക് സിപിഎമ്മിന്‍റെ സി.പി കരുണാകരന്‍ പിള്ളയെ തോല്‍പ്പിച്ചു. 1980ല്‍ ഷെരീഫിലൂടെ സീറ്റ് സിപിഐ നിലനിര്‍ത്തി. സ്വതന്ത്രനായ ടി.വി വിജയരാജനായിരുന്നു എതിരാളി.
1982ല്‍ സിപിഐ ക്യാമ്പിനെ ഞെട്ടിച്ച് വിജയരാജന് അട്ടിമറി ജയം. 1987ല്‍ പി.എസ് ശ്രീനിവാസനെ ഇറക്കി സിപിഐ സീറ്റ് തിരിച്ചുപിടിച്ചു. 1991ല്‍ കോണ്‍ഗ്രസിന്‍റെ ജമീല ഇബ്രാഹിമിനെതിരെ ശ്രീനിവാസന് ജയം. 1996ല്‍ മുന്‍മന്ത്രി ഇ ചന്ദ്രശേഖരന്‍ നായര്‍ ജെഎസ്എസ് സ്ഥാനാര്‍ഥി അഡ്വ സത്യജിത്തിനെ തോല്‍പ്പിച്ച് നിയമസഭയിലെത്തി. 16,350 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു ചന്ദ്രശേഖരന്‍ നായരുടെ ജയം.