കൊല്ലം: പ്രശസ്‌ത സിനിമ നിർമാതാവും കശുവണ്ടി വ്യവസായിയുമായിരുന്ന കെ രവീന്ദ്രനാഥൻ നായർ വിടവാങ്ങി. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം. 90 വയസായിരുന്നു.
1967 ൽ ആരംഭിച്ച ജനറൽ പിക്ചേഴ്‌സ് നിർമിച്ച മലയാള സിനിമകളെല്ലാം ഏറെ പ്രശസ്‌തമാണ്. അടൂര്‍ ഗോപാലകൃഷ്‌ണന്‍റേയും അരവിന്ദന്‍റേയുമടക്കം കലാമൂല്യമുള്ള നിരവധി ചിത്രങ്ങള്‍ നിര്‍മിച്ച ബാനര്‍ ആണ് രവീന്ദ്രന്‍ നായരുടെ ജനറല്‍ പിക്ചേഴ്‌സ്. അച്ചാണി, കാഞ്ചനസീത, കുമ്മാട്ടി, എലിപ്പത്തായം, മുഖാമുഖം, അനന്തരം, വിധേയൻ തുടങ്ങിയവ ജനറല്‍ പിക്ചേഴ്‌സ് നിർമിച്ച മികവുറ്റ ചലച്ചിത്രങ്ങളാണ്.
നവതിക്ക് പിന്നാലെയാണ് ഇപ്പോൾ അദ്ദേഹത്തിന്‍റെ വിടവാങ്ങൽ. ജൂലൈ ആറിനായിരുന്നു നവതി. ആകെ നിർമിച്ച 14 സിനിമകൾക്കായി 18 ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും ഇദ്ദേഹം നേടിയിട്ടുണ്ട്. സിനിമയിലെ സമഗ്ര സംഭാവനയ്‌ക്കുള്ള ജെ. സി. ഡാനിയൽ പുരസ്‌കാരത്തിനും ഇദ്ദേഹം അർഹനായി. 2008 ൽ ആണ് ജെ. സി. ഡാനിയേൽ പുരസ്‌കാരം നല്‍കി കേരളം അദ്ദേഹത്തെ ആദരിച്ചത്.
ജനനം കൊല്ലത്ത്: 1933 ജൂലൈ മൂന്നിനാണ് കൊല്ലം സ്വദേശി വെണ്ടർ കൃഷ്‌ണ പിളളയുടേയും നാണിയമ്മയുടേയും എട്ട് മക്കളിൽ അഞ്ചാമനായി രവീന്ദ്രനാഥന്‍ നായരുടെ ജനനം. കൊല്ലം കന്‍റോൺമെന്‍റ് ബേസിക് ട്രെയിനിങ് സ്‌കൂളിലും ഗവ. ബോയ്‌സ് ഹൈസ്ക്കൂളിലുമായാണ് അദ്ദേഹം സ്‌കൂള്‍ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് 1955 ൽ കൊമേഴ്‌സ് ഐച്ഛിക വിഷയമായി ബിരുദവും നേടി. പിന്നീടാണ് കശുവണ്ടി വ്യവസായ രംഗത്തേക്ക് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ബിസിനസുകാരനില്‍ നിന്ന് സിനിമാക്കാരനിലേക്ക്:പിതാവിന്‍റെ മരണത്തോടെ ബിസിനസ് ഏറ്റെടുത്ത അദ്ദേഹത്തിന്‍റെ വിജയലക്ഷ്‌മി കാഷ്യൂസ് ഏറെ പ്രശസ്‌തമാണ്. കേരളത്തിലും പുറത്തും 115 ഫാക്‌ടറികളുളള വലിയ ബിസിനസ് ശൃംഖലയായി വിജയലക്ഷ്‌മി കാഷ്യൂസ് മാറി. 1967ലാണ് അദ്ദേഹം ജനറൽ പിക്‌ചേഴ്‌സ് എന്ന സിനിമ നിർമാണ കമ്പനിയ്‌ക്ക് തുടക്കം കുറിക്കുന്നത്. സത്യനെ നായകനാക്കി 'അന്വേഷിച്ചു കണ്ടെത്തിയില്ല' എന്ന ചിത്രത്തിലൂടെ ആയിരുന്നു നിർമാണ രംഗത്തേക്കുള്ള ജനറൽ പിക്‌ചേഴ്‌സിന്‍റെ അരങ്ങേറ്റം.