കൊല്ലം:ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കുമെതിരെയുള്ള അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കൊല്ലത്ത് പ്രതിഷേധ ധർണ നടന്നു. രാജ്യ വ്യാപകമായി ഐഎംഎ നടത്തുന്ന പ്രതിഷേധ സമരത്തിൻ്റെ ഭാഗമായാണ് ധർണ സംഘടിപ്പിച്ചത്.
Read more: ആരോഗ്യ പ്രവർത്തകർക്കും ആശുപത്രികൾക്കുമെതിരായ അക്രമം; സെക്രട്ടേറിയേറ്റ് ധര്‍ണ നടത്തി ഐഎംഎ
കൊവിഡ് മഹാമാരിയിൽ ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്ന രീതിയിലാണ് അക്രമങ്ങൾ അരങ്ങേറുന്നതെന്ന് ഐഎംഎ പറയുന്നു. അസമിലും കർണാടകയിലും തമിഴ്‌നാട്ടിലും ഡോക്‌ടർമാർക്കെതിരെ ആക്രമണങ്ങൾ നടക്കുന്നതുപോലെ കേരളത്തിലും നടക്കുന്നു എന്നാണ് സമീപ കാല സംഭവങ്ങൾ തെളിയിക്കുന്നതെന്ന് ഡോക്‌ടർമാർ പറഞ്ഞു.
കുറ്റക്കാർക്കെതിരെ നടപടിയില്ലെന്ന് ആരോപണം
മാവേലിക്കരയിൽ ഡ്യൂട്ടിയിലായിരുന്ന ഡോക്‌ടറുടെ കരണത്തടിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാൻ പോലും സർക്കാർ മടികാണിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. തെളിവുകൾ സഹിതം ആശുപത്രി സംരക്ഷണ നിയമ പ്രകാരം ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തി എഫ്ഐആർ ഫയൽ ചെയ്‌തിട്ടുപോലും പ്രതിയെ അറസ്റ്റ് ചെയ്‌തിട്ടില്ലെന്ന് ഡോക്‌ടർമാർ ആരോപിച്ചു.
പ്രത്യേക സംരക്ഷണ മേഖലയാക്കണം
ആശുപത്രികളെ പ്രത്യേക സംരക്ഷണ മേഖലകളായി പ്രഖ്യാപിക്കുക, സുരക്ഷ സംവിധാനങ്ങൾ ഒരുക്കുക, പൊലീസ് ഔട്ട് പോസ്റ്റ് എല്ലാ ആശുപത്രികളിലും അനുവദിക്കുക, ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവരെ 24 മണിക്കൂറിനകം അറസ്റ്റ് ചെയ്യുക, അല്ലാത്തപക്ഷം അന്വേഷണ ഉദ്യോഗസ്ഥന്മാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഐഎംഎ മുന്നോട്ട് വെക്കുന്നു.
ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കാതെയാണ് അഖിലേന്ത്യ വ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചത്.