കൊല്ലം:ചാമക്കട കമ്പോളത്തിൽ കല്ലുപാലത്തിന് സമീപത്തെ സ്വകാര്യ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 326 ചാക്ക് റേഷനരി പിടികൂടി. ഇന്നലെ രാവിലെ 8.30 ഓടെ കൊല്ലം ഈസ്റ്റ് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ചാമക്കട കൊച്ചുഹസൻ കുഞ്ഞിന്‍റെ ഉടമസ്ഥതയിലുള്ള ഗോഡൗണിൽ നിന്ന് റേഷനരി പിടികൂടിയത്.
കൊല്ലത്ത് സ്വകാര്യ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 326 ചാക്ക് റേഷനരി പിടികൂടി കുത്തരി വിഭാഗത്തിലുള്ള വെള്ള ഉണ്ട, ചുവപ്പ്, വെള്ള അരികളാണ് കണ്ടെത്തിയത്. റേഷൻ വിതരണത്തിനുള്ള ചണച്ചാക്ക് ഒഴിവാക്കി പ്ലാസ്റ്റിക് ചാക്കുകളിൽ നിറച്ച നിലയിലായിരുന്നു അരി. ഒരാഴ്‌ച മുന്‍പും സമാന രീതിയിൽ ആനേഴത്ത് മുക്ക് മണലിൽ ക്ഷേത്രത്തിന് സമീപം സ്വകാര്യ കെട്ടിടത്തിൽ നിന്ന് 292 ചാക്ക് റേഷനരി പിടികൂടിയിരുന്നു.
ഈസ്റ്റ് പൊലീസ് അറിയിച്ചതിനെ തുടർന്ന് താലൂക്ക് സപ്ലൈ ഓഫിസർ ഗോപകുമാറിന്‍റെ നേതൃത്വത്തിൽ റേഷനിങ് ഇൻസ്‌പെക്‌ടർമാരായ റിഞ്ചു, സുജി, രജനി, ബിനി, പ്രസാദ്, ഉല്ലാസ് എന്നിവർ നടപടികൾ പൂർത്തീകരിച്ച് റേഷനരി എഫ്.സി.ഐ ഗോഡൗണിന് സമീപത്തെ സപ്ലൈകോ ഗോഡൗണിലേക്ക് മാറ്റി.
ALSO READ:പ്ലാസ്റ്റിക് ചാക്കിൽ നിറച്ച് പുതിയ ബ്രാൻഡായി വിപണിയിലേക്ക് ; കൊല്ലത്ത് രഹസ്യ ഗോഡൗണിൽ സൂക്ഷിച്ച റേഷനരി ശേഖരം പിടികൂടി
കലക്‌ടറുടെ അനുമതിയോടെ ഇവ റേഷൻ കടകൾ വഴി വിതരണം ചെയ്യുമെന്ന് സിവിൽ സപ്ലൈസ് അധികൃതർ അറിയിച്ചു. അവശ്യ സേവന നിയമപ്രകാരം ഗോഡൗൺ ഉടമയ്‌ക്ക് എതിരെ കേസെടുത്തു. ഈസ്റ്റ് പൊലീസ് എസ്.ഐമാരായ ജയശങ്കർ, പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ മിനുരാജ്, ശിവദാസൻ, അഭിലാഷ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.